നാലരപ്പതിറ്റാണ്ടായി നാടിനൊപ്പം സഞ്ചരിച്ച ബസിന് നാടിന്റെ ആദരവ്
1481067
Friday, November 22, 2024 5:28 AM IST
മാന്നാർ: നാലരപ്പതിറ്റാണ്ടായി മാന്നാർ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സി.പി.എൻ എന്ന സ്വകാര്യ ബസിന് നാടിന്റെ ആദരവ്. പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി ബുധനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ കലാപോഷിണി വായനശാലയിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
കുടുംബപ്പേരായ ചെറുകര, മുത്തച്ഛൻ പദ്മനാഭൻ, പിതാവ് നാരായണൻ എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് നാമകരണം ചെയ്ത, കുളനട മാന്തുക ചെറുകരയിൽ എൻ.സി. രാജൻപിള്ളയുടെ ഉടമസ്ഥതയിലുള്ള സി.പി.എൻ എന്ന സ്വകാര്യ ബസ് പൊതുഗതാഗത രംഗത്ത് നാലരപ്പതിറ്റാണ്ടിന്റെ സ്തുത്യർഹ സേവനത്തിലൂടെ നാടിന്റെ സ്പന്ദനമായി മാറിയിരിക്കുകയാണ്.
ഇതിലെ ജീവനക്കാരായ ശശിധരൻ നായർ, തുളസീധരൻ നായർ, വിനോദ് എന്നിവരെയും ബസ് ഉടമയെയും പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പൊന്നാട അണിയിച്ച് ആദരിച്ചു. മാധ്യമ പ്രവർത്തകൻ ബഷീർ പാലക്കീഴിൽ, പരിസ്ഥിതി ഫോറം പ്രവർത്തകൻ അബ്ദുൾ റഹ്മാൻ കുഞ്ഞ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാലസുന്ദരപണിക്കർ, ബുധനൂർ ഗ്രാമപഞ്ചായത്തംഗം പി.വി. ഹരിദാസ്, ഫോറം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.