അറിവിന്റെ ഉത്സവം കൊടിയിറങ്ങി; ആലപ്പുഴയ്ക്ക് അഭിമാനിക്കാനേറെ
1480311
Tuesday, November 19, 2024 7:16 AM IST
ആലപ്പുഴ: ആലപ്പുഴയുടെ മണ്ണില്‍ അറിവിന്റെ മേളയ്ക്കു സമാപനം. അറിവിന്റെ അക്ഷയഖനികളായി ശാസ്ത്രസംവാദങ്ങള്‍, ദുരന്തനിവാരണവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഗതാഗത സംവിധാനവും കാര്‍ഷിക മേഖലയും വൈദ്യുതി ഉത്പാദനത്തിലെ നൂതനമാര്ഗങ്ങളുമടക്കം വിഷയങ്ങളായ വര്‍ക്കിംഗ് മോഡലുകൾ, സ്റ്റില്‍ മോഡലുകള്‍, പരിമിതികളുടെ അതിര്‍വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു പ്രതിഭാ സ്പര്‍ശംകൊണ്ട് കാഴ്ചക്കാരുടെ ഹൃദയംകീഴടക്കിയ സ്പെഷല്‍ സ്കൂള്‍ മേള.... കിഴക്കിന്റെ വെനീസില്‍ അരങ്ങേറിയ ശാസ്ത്രമേളയെക്കുറിച്ച് ഇനിയുമുണ്ട് ഏറെപ്പറയാൻ.
ഏഷ്യാ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഏറ്റവും വലിയ ശാസ്ത്രമേളയാണ് കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ചു വകഭേദങ്ങളുടെ സംയോജനമാണ് ശാസ്ത്രോത്സവം.
ശാസ്ത്രസംവാദം
ശാസ്ത്ര പ്രതിഭകള്‍ക്കു കുട്ടികളോടു സംവദിക്കാനുള്ള അവസരമുണ്ടാക്കിയതാണ് ആലപ്പുഴ മേളയുടെ മറ്റൊരു ആകര്‍ഷണീയത. ഐഎസ്ആര് ചെയര്മാന് ഡോ. എം. സോമനാഥ്, ഇന്ത്യയുടെ മിസൈല്‍ വനിത ടെസി തോമസ്, ഗംഗന്യാന് പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. മോഹന്‍ എന്നിവര്‍ നയിച്ച ശാസ്ത്രസംവാദങ്ങളായിരുന്നു ആലപ്പുഴ മേളയെ വ്യത്യസ്തമാക്കിയത്.
സംഘാടനം സൂപ്പര്‍
ശാസ്ത്രമേള അവസാനിക്കുമ്പോള്‍ സംഘാടകര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. വലിയ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെയാണ് മേള അവസാനിക്കുന്നത്. സംഘാടന മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്നതും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. ആലപ്പുഴ നഗരത്തില്‍ ശാസ്ത്രമേളയെത്തുമ്പോള് ഏറ്റവും പ്രയാസത്തിലാവുക ഗതാഗതത്തിന്റെ കാര്യത്തിലാവുമെന്ന് ഉറപ്പായിരുന്നു.
റോഡ് നിര്‍മാണം, വീതിക്കുറവ്, വാഹനങ്ങളുടെ ബാഹുല്യം അങ്ങനെ നിരവധി പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നു. എന്നാൽ, ഏതൊരു സാധാരണ ദിവസവും പോലെ കഴിഞ്ഞ നാലു ദിവസങ്ങള്‍ കടന്നുപോയി. അക്കാര്യത്തില്‍ പോലീസിന്റെ സേവനം എടുത്തുപറയേണ്ടതാണ്. കൃത്യമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിടത്തുതന്നെ മേള വിജയിച്ചു.
മത്സരവും ഫലവും വൈകിയില്ല
മത്സരങ്ങൾ കൃത്യസമയത്തു തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച സമത്തുതന്നെ പൂര്‍ത്തിയാക്കാൻ സംഘാടകര്‍ക്കായി. ഇതിലൂടെ മത്സരഫലം വൈകുന്നത് ഒഴിവാക്കാനായി. ഇക്കാര്യത്തില്‍ അധ്യാപകരടക്കം വഹിച്ച പങ്ക് വളരെ ശ്ലാഘനീയമാണ്. മത്സരാര്‍ഥികള്‍ക്കും അവരുടെ ഒപ്പംവന്ന അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കൃത്യമായ വിവരം നല്‍കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സംഘാടകരുടെ മികവ് ദര്‍ശിക്കാനായി.
ഭക്ഷണം, വെള്ളം യഥാസമയം
കുടിവെള്ളവും ഭക്ഷണവും ഒരുക്കുന്നതിലും അത് മത്സരം നടക്കുന്ന വേദികളില്‍ കൃത്യമായി എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഫുഡ് കമ്മിറ്റി കാഴ്ചവച്ചത്. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഭക്ഷണശാലയുടെ പ്രവര്‍ത്തനവും മാതൃകാപരമായിരുന്നു.
കലാപരിപാടികളും ഉഷാര്‍
ശാസ്ത്രോത്സവത്തിനു പൊലിമയേകാന്‍ വൈവിധ്യമാര്‍ന്ന സാംസ്കാരികപരിപാടികളും ഒരുക്കിയിരുന്നു. സാംസ്കാരിക പരിപാടികളെല്ലാം വന്‍ ജനാവലിയുടെ സാന്നിദ്ധ്യംകൊണ്ടും ഉയര്‍ന്ന നിലവാരംകൊണ്ടും ശ്രദ്ധേയമായിരുന്നു. ഇപ്റ്റ നാട്ടരങ്ങോടെയാണ് സാംസ്കാരിക പരിപാടികള്‍ക്ക് ആരംഭം കുറിച്ചത്.
അതിവേഗ ചിത്രകാരന് ഡോ. ജിതേഷ്ജിയുടെ ശാസ്ത്രദര്‍ശന്‍ വരയരങ്ങും പുത്തന്‍ അനുഭവമാണ് ജനങ്ങള്‍ക്കു നല്‍കിയത്. കേരളത്തിനകത്തും പുറത്തും ഏറെ ജനപ്രീതിയുള്ള നാടന്‍പാട്ടുകാരിയായ പ്രസീത ചാലക്കുടിയും അവരുടെ പതി ഫോക്ക് ബാന്‍ഡും നഗരത്തെ അക്ഷരാര്‍ഥത്തില്‍ത്തന്നെ ഇളക്കിമറിച്ചു.
അഞ്ഞൂറിലേറെ ട്രോഫികള്‍
ശാസ്ത്രോത്സവത്തില്‍ പ്രതിഭ തെളിയിച്ച കുട്ടികള്‍ക്ക് ഇക്കുറി നല്‍കിയത് അഞ്ഞൂറിലധികം ട്രോഫികളാണ്. ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ജില്ലയ്ക്ക് ഇതാദ്യമായി ഏര്‍പ്പെടുത്തിയ എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫിയായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.
സന്ദീപ് സലിം