കുട്ടനാട്ടിലെ മടവീഴ്ച: അടിയന്തര നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
1480606
Wednesday, November 20, 2024 7:08 AM IST
ചാരുംമൂട്: അതിരൂക്ഷമായ വേലിയേറ്റം മൂലമുള്ള കുട്ടനാട് പാടശേഖരങ്ങളുടെ മടവീഴ്ച ഭീഷണി പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ജില്ലാ കളക്ടറുമായി ചർച്ച നടത്തി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ സമയബന്ധിതമായി തുറന്നും അടച്ചും പ്രവർത്തിപ്പിക്കണമെന്ന് കളക്ടർക്ക് നിർദേശം നൽകി.
കൂടാതെ, വേലിയേറ്റം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പേ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ജില്ലാഭരണകൂടം ഉറപ്പാക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. കൊയ്യാൻ പാകമായ പാടങ്ങളിലും വിതയ് ക്കൽ കഴിഞ്ഞ പാടങ്ങളിലും വെള്ളം കവിഞ്ഞുകയറുന്നത് കർഷകരുടെ ജീവിതോപാധിയിൽ ഗൗരവമുള്ള പ്രതിസന്ധി സൃഷ്ടിക്കുന്നു.
കർഷകരുടെ അശങ്കകൾ പരിഹരിക്കുന്നതിനു മുന്നോട്ടുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. പാടശേഖരങ്ങളിൽ നെൽകൃഷിയെ സംരക്ഷിക്കാനും വീണ്ടെടുക്കാനുമുള്ള നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളുടെയും അധികൃതരുടെയും ഇടപെടൽ ഉറപ്പാക്കാൻ പാർലമെന്റിലും വിഷയമുയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.