വേലിയേറ്റം: മടവീഴ്ച തുടരുന്നു
1481061
Friday, November 22, 2024 5:28 AM IST
രാമങ്കരി പറക്കുഴി കിളിരുവാക്ക പാടത്തെ കൃഷി നശിച്ചു
വിത കഴിഞ്ഞ് 12 ദിനമായപ്പോൾ മടവീഴ്ച
മങ്കൊമ്പ്: ശക്തമായ വേലിയേറ്റവും അധികൃതരുടെ അനാസ്ഥയും തുടരുന്നതോടെ കുട്ടനാട്ടിൽ മടവീഴ്ചയും നിലയ്ക്കുന്നില്ല. വേലിയേറ്റം ശക്തമായതിനെത്തുടർന്ന് രാമങ്കരി കൃഷിഭവൻ പരിധിയിൽ വരുന്ന പറക്കുഴി-കിളിരുവാക്ക പാടശേഖരത്തിലാണ് ഇന്നലെ രാവിലെ മടവീഴ്ചയുണ്ടായത്.
24 ഏക്കറോളം വരുന്ന പാടശേഖരത്തിലെ വിത പൂർത്തിയായി 12 ദിവസമാകുമ്പോഴാണ് മടവീഴ്ചയും കൃഷിനാശവും സംഭവിച്ചിരിക്കുന്നത്. ശക്തമായ വെള്ളപ്പാച്ചിലിൽ മൂന്നുമീറ്ററോളം പുറംബണ്ടും കല്ലുകെട്ടും ഒലിച്ചുപോയി. ഒരുവർഷം മുൻപ് പാടശേഖര പുറംബണ്ടു സംരക്ഷണത്തിന്റെ ഭാഗമായി കെട്ടിയ കല്ലുകെട്ടാണ് തകർന്നത്.
ഇല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തിന്റെ വടക്കുഭാഗത്തുള്ള തോട്ടിൽനിന്നുമാണ് വെള്ളം പാടത്തേക്കു കയറിയത്. വെള്ളത്തിനൊപ്പം തോട്ടിൽ നിറഞ്ഞുകിടന്നിരുന്ന കടകലും പോളയും വെള്ളത്തിനൊപ്പം പാടശേഖരത്തിലേക്കു ഇരച്ചുകയറി.
ഇനിയും വെള്ളം വറ്റിച്ചു കൃഷിയിറക്കണമെങ്കിൽ കർഷകർക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാകും. രണ്ടാഴ്ചയോളമായി തുടരുന്ന വേലിയേറ്റത്തിനു ഇനിയും പരിഹാരം കാണാനാകാത്തത് കുട്ടനാട്ടിലെ കർഷകരെയാകെ ആശങ്കയിലാഴ്ത്തുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ കുട്ടനാട്ടിലെ കൂടുതൽ പാടശേഖരങ്ങളിലെ കൃഷിയും നശിക്കുന്ന സ്ഥിതിയാണുള്ളത്.
കുട്ടനാട്ടിലെ നെൽകൃഷിയെ ഭാഗ്യപരീക്ഷണത്തിനു വിട്ടുകൊടുക്കുന്ന അധികൃതരുടെ നിലപാട് ഇനിയെങ്കിലും തിരുത്തെണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മുൻവർഷങ്ങളിലും ഇതുപോലെ പല പാടശേഖരങ്ങളും മടവീണതിനെത്തുടർന്നാണ് അധികൃതർ ഇടപെട്ട് ഷട്ടറുകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചത്.
മണ്ണിൽ വിയർപ്പൊഴുക്കുന്ന തങ്ങളെ ഇനിയും പരീക്ഷണങ്ങൾക്കു വിട്ടുകൊടുക്കരുതെന്നാണ് കർഷകരുടെ ആവശ്യം.