വാടകയ്ക്കു താമസിക്കുന്ന അതിദരിദ്രര്‍ക്ക് നഗരസഭ വാടക നല്‍കും
1480603
Wednesday, November 20, 2024 7:08 AM IST
ആലപ്പുഴ: അതിദരിദ്രരുടെ അതിജീവനം ലക്ഷ്യമിട്ട് നഗരസഭ പരിധിയിലെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വീടും സ്ഥലവും ആവശ്യമുള്ള 23 പേരില്‍ നിലവില്‍ വീട്ടുവാടക ആവശ്യമായ 18 പേര്‍ക്ക് നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാടക നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വാര്‍ഡ് സഭകളിലൂടെ തെരഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്കി.
ശാസ്ത്രീയവും പരിസ്ഥിതി സൗഹാര്‍ദപരവുമായ രീതിയില്‍ ഖരമാലിന്യ പരിപാലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് അടുത്ത 25 വര്‍ഷത്തേക്ക് നടപ്പാക്കാവുന്ന പഠന വിഷയങ്ങുടെ മാര്‍ഗരേഖ അവതരിപ്പിച്ചു.
സംരഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാനവും കൂടുതല്‍ അളവില്‍ ലഭ്യമാകുന്നതുമായ കാര്‍ഷിക ഉത്പന്നത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉത്പന്നം പദ്ധതിയിലേക്ക് വെളിച്ചെണ്ണയെ നഗരസഭയുടെ ഉത്പന്നമായി തെരഞ്ഞെടുത്തു.
നഗരസഭ പ്രദേശത്ത് വഴിവിളക്കുകള്‍ ഇനിയും സ്ഥാപിക്കാനുള്ള പോയിന്റുകള്‍ കണ്ടെത്തി കൂടുതല്‍ വഴിവിളക്കുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.