ആലപ്പുഴയിൽ ആവർത്തിക്കുന്നു ദൃശ്യം മോഡല്‍ കൊലപാതകങ്ങൾ
1480600
Wednesday, November 20, 2024 7:08 AM IST
എം. ജോസ് ജോസഫ്
ആലപ്പുഴ: അമ്പലപ്പുഴയെ നടുക്കിയ വിജയലക്ഷ്മി കൊലപാതകം ദൃശ്യം മോഡലില്‍ ഒടുവിലത്തേത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതിനു സമാനമായ കൊലപാതകം ആലപ്പുഴയിൽ കഴിഞ്ഞ ഏപ്രിലിലും നടന്നിരുന്നു. പൂങ്കാവിലാണ് ആ ദൃശ്യം മോഡല്‍ കൊലപാതകം നടന്നത്.
അറുപതുകാരിയെ സഹോദരന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു. വടക്കന്‍പറമ്പില്‍ റോസമ്മ എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. കേസില്‍ റോസമ്മയുടെ സഹോദരന് ബെന്നിയെ പോലീസ് പിടികൂടിയിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം റോസമ്മയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ഒരുമിച്ചു താമസിച്ചിരുന്ന ബെന്നിയും സഹോദരി റോസമ്മയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായാണ് ബെന്നി റോസമ്മയെ അടിച്ചുകൊന്നത്. തുടര്‍ന്ന് ദൃശ്യം മോഡലില്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടെന്നായിരുന്നു പോലീസ് കേസ്.
ബിന്ദുമോനും മാന്നാറിലെ കലയും
സമാനമായ കേസായിരുന്നു ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി എസി കോളനിയില്‍ താമസിച്ചിരുന്ന മുത്തുകുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തതോടെ പുറത്തുവന്നത്. ആര്യാട് സ്വദേശി ബിന്ദുമോനെ (40) കൊലപ്പെടുത്തി ചങ്ങനാശേരി പൂവം രണ്ടാം പാലത്തിനു സമീപമുള്ള വീടിനുള്ളില്‍ കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാര്‍. ഇരുവരും സുഹൃത്തുക്കളായിരുന്നു.
ആലപ്പുഴ മാന്നാറിലെ കല കൊലക്കേസില്‍ മൂന്നു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതിലും അന്വേഷണസംഘം ദൃശ്യം മോഡല്‍ സംശയിച്ചിരുന്നു. തിരോധാനമെന്ന് സംശയിച്ച് ഒടുവില്‍ കൊലപാതകമെന്ന് കണ്ടെത്തിയ ശ്രീകല കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിൽ മേസ്തിരിപ്പണിക്കാരനുമായതിനാല് മൃതദേഹം വിദഗ്ധമായി സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തതായി പോലീസിന് ലഭിച്ച വസ്തുതകള്‍ കോടതിക്ക് കൈമാറിയിരുന്നു.
ദൃശ്യം ഇറങ്ങി മൂന്നാണ്ടുകൾ കഴിഞ്ഞ്
ഹരിപ്പാടിനടുത്ത് മറ്റൊരു ദൃശ്യം മോഡല്‍ കൊലനടന്നത് 2016 ഒക്ടോബറിൽ. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനു സമീപമായിരുന്നു അത്. യുവാവിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിനുള്ളില്‍ കുഴിച്ചുമൂടാനായിരുന്നു ശ്രമം. കൊല നടത്തി കെട്ടിടം പണിക്കായി കൂട്ടിയിട്ടിരുന്ന മണല്കൂനയില് ഒളിപ്പിച്ചത് രാവിലെ നടക്കാനിറങ്ങിയ ആളുകൾ കണ്ടതാണ് പദ്ധതി പൊളിച്ചത്.
തുടര്‍ന്ന് ആളുകള്‍ പോലീസിനെ വിവരം അറിയിച്ച് മണ്ണുമാറ്റി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 2019 ഏപ്രിലിലാണ് ആലപ്പുഴയിൽ വയോധികനെ ആള്‍ത്താമസമില്ലാത്ത വീടിന്റെ പറമ്പില്‍ മൂന്നു യുവാക്കള്‍ കൊല ചെയ്ത് കുഴിച്ചിട്ടത്. 2013ൽ ദൃശ്യം ഇറങ്ങി ആറു വർഷങ്ങൾക്കു ശേഷമായിരുന്നു അത്. ശ്രീകാന്ത് (26), രാജേഷ് (36), വിഷ്ണു (23) എന്നിവരാണ് ആ കേസിൽ അറസ്റ്റിലായത്. വിമുക്തഭടനായ പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന് (75) ആണ് അന്ന് കൊല്ലപ്പെട്ടത്.
കുഞ്ഞിനെ കൊന്ന് ശൗചാലയത്തിൽ
2024 ഓഗസ്റ്റിലാണ് കലവൂർ കൊലപാതകം. കൊച്ചി കടവന്ത്രയില്‍ കാണാതായ 73കാരി സുഭദ്രയെ സെപ്റ്റംബറിൽ മാത്യൂസ്, ശര്‍മിള എന്നീ പ്രതികൾ ചേര്‍ന്ന് കൊലപ്പെടുത്തി കോര്‍ത്തുശേരിയിലെ പറമ്പിൽ കുഴിച്ചിട്ടതായിരുന്നു അത്. സെപ്റ്റംബറിൽ തന്നെയാണ് ചേര്‍ത്തലയില്‍ കാണാതായ നവജാതശിശുവിന്റെ മൃതദേഹം കുഞ്ഞിനെ പ്രസവിച്ച സ്ത്രീയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ ശൗചാലയത്തില്‍ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രസവിച്ച ചേര്‍ത്തല ചേന്നംപള്ളിപ്പുറം സ്വദേശിനി ആശ (35), സുഹൃത്ത് രതീഷ് (38) എന്നിവരെ പോലീസ് കസ്റ്റഡയലെടുത്തു.
രാവിലെ തുറസായി കിടന്ന സ്ഥലം മറച്ചു
അമ്പലപ്പുഴ: രാവിലെ തുറസായി ക്കിടന്ന സ്ഥലം പോലീസെത്തിയപ്പോൾ മറച്ചു. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം പുറത്തെടുക്കുന്നതു കാണാൻ സ്ത്രീകളടക്കം വൻ ജനാവലിയാണ് കാത്തുനിന്നത്. ദൃശ്യ, പത്ര മാധ്യമപ്രവർത്തകരും ഇത് പകർത്താൻ കാത്തുനിന്നു. എന്നാൽ, പോലീസ് കറുത്ത ടാര്‍പോളിന്‍ കൊണ്ട് മറച്ചശേഷമാണ് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. കൊല്ലം അസി. കമ്മീഷണരുടെ നേതൃത്വത്തിലാണ് പ്രതിയെ ഇവിടെയെത്തിച്ചത്.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ വൻ പോലീസും എത്തിയിരുന്നു. അൽപ്പസമയം കഴിഞ്ഞ് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രനും സ്ഥലത്തെത്തി. സബ് കളക്ടർ സമീർ കൃഷ്ണയുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടന്നത്. ഉച്ചയ്ക്കുശേഷം 2.30 ഓടെയാണ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്.
തറക്കല്ലിട്ട പുരയിടത്തില്‍ മൃതദേഹം കുഴിച്ചിട്ടെന്ന വിവരം അറിഞ്ഞ് വിതുമ്പലോടെ കൃപ
അമ്പലപ്പുഴ: സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായി തറക്കല്ലിട്ട പുരയിടത്തില്‍ മൃതദേഹം കുഴിച്ചിട്ടെന്ന വിവരം അറിഞ്ഞ് വിതുമ്പലടക്കാനാവാതെ കൃപ. മത്സ്യത്തൊഴിലാളിയായ പുറക്കാട് അഴിക്കകത്ത് വീട്ടില്‍ മനു-കൃപ ദമ്പതികള്‍ വാങ്ങിയ സ്ഥലത്താണ് കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ടത്. കഴിഞ്ഞ എട്ടിനായിരുന്നു കിടപ്പാടത്തിന് തറക്കല്ലിട്ടത്.
അപ്പോഴും അറിയുന്നില്ല പുരയിടത്തിന്റെ ഒരു കോണില്‍ മണ്ണിനടിയില്‍ മൃതദേഹം ഉണ്ടെന്നവിവരം. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് കൃപയെ വിളിച്ചറിയിക്കുന്നത്. വിവരമറിഞ്ഞപാടെ പിതൃസഹോദരന് രാജീവനോടൊപ്പമാണ് വീടിന് തറക്കല്ലിട്ട പുരയിടത്തിലെത്തുന്നത്. എന്നാല്‍, സ്വന്തം പുരയിടത്തിലേക്ക് ആര്‍ക്കും പ്രവേശിക്കാനാകാതെ പോലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് കണ്ട് കൃപ വിതുമ്പി. ഇനി എന്ന് തനിക്കൊരു വീട് നിര്‍മിക്കാന്‍ അനുമതി ലഭിക്കുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.
ഏറെക്കാലത്തെ പ്രതീക്ഷയായിരുന്നു സ്വന്തമായൊരു കിടപ്പാടം. സമ്പത്തിക പ്രതിസന്ധിയില്‍ വീട് വില്‍ക്കേണ്ടി വന്ന ശേഷം മത്സ്യത്തൊഴിലാളിയായ മനു, ഭാര്യയും രണ്ടു മക്കളോടുമൊപ്പം വാടകയ്ക്കാണ് താമസം. മത്സ്യബന്ധനത്തില്‍ വല്ലപ്പോഴും കിട്ടുന്ന വരുമാനത്തില്‍നിന്നു മിച്ചം പിടിച്ചും സ്വര്‍ണം പണയംവച്ചും ബന്ധുക്കളുടെ സഹായത്താലുമാണ് പുറക്കാട് മൂന്നാം വാര്‍ഡ് ഐവാട്ടുശേരിയില് 4.5 സെന്റ് സ്ഥലം എട്ടു വര്‍ഷം മുമ്പ് വാങ്ങിയത്. ഏറെക്കാലത്തെ പ്രതീക്ഷയ്ക്കൊടുവില്‍ ഒരു സംഘടനയാണ് ഇവര്‍ക്ക് വീടുവച്ചുനല്‍കാമെന്ന് ഉറപ്പു നല്‍കിയത്.
തുടര്‍ന്നാണ് കഴിഞ്ഞദിവസം പുരയിടം വൃത്തിയാക്കി വീടിന് തറക്കല്ലിട്ടത്. മൃതദേഹം പുറത്തെടുത്തെങ്കിലും കേസിന്റെ തുടരന്വേഷണത്തിന്റെ പേരില്‍ കിടപ്പാടമെന്ന സ്വപ്നം വൈകുമോ എന്ന ആശങ്കയിലാണ് കൃപ.
നടുക്കം വിട്ടുമാറാതെ കരൂർ നിവാസികൾ
അമ്പലപ്പുഴ: നടുക്കം വിട്ടുമാറാതെ കരൂര്‍ നിവാസികള്‍. രാവിലെ ദൃ ശ്യമാധ്യമ പ്രവര്‍ത്തകര്‍ കാമറകളുമായി എത്തിയപ്പോള്‍ കരൂര്‍ നിവാസികള്‍ അമ്പരന്നു. അപ്പോഴാണ് തങ്ങളുടെ നാട്ടില്‍ ഒരു കൊലപാതകം നടന്ന വിവരം നാട്ടുകാര്‍ അറിയുന്നത്.
കൊലപാതകിയുടെ പേര് കേട്ടപ്പോള്‍ വീണ്ടും ഇവര്‍ ഞെട്ടി. കാരണം രണ്ടുവര്‍ഷമായി ഇവിടെ താമസിക്കാറുണ്ടെങ്കിലും പലപ്പോഴും തങ്ങളോട് അധികമൊന്നും സംസാരിക്കാത്ത ജയചന്ദ്രന് എന്ന മത്സ്യത്തൊഴിലാളിയാണ് ഒരു സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതെന്നറിഞ്ഞപ്പോള് പലര്‍ക്കും അതിശയമായി. കേട്ടവര്‍ പലരും ഇത് വിശ്വസിച്ചുമില്ല.
എന്നാല്‍, അധിക സമയം കഴിയുന്നതിനു മുന്‍പ് വന്‍ പോലീസ് കാവലില്‍ ജയചന്ദ്രനെ കൊണ്ടുവന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്ചര്യമായി. പുനര്‍ഗേഹം പദ്ധതിയില്‍ ലഭിച്ച വീടാണ് കരൂരില്‍ നിര്‍മിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് ജയചന്ദ്രനും കുടുംബവും ഇവിടെ താമസിക്കാനെത്തിയത്. അയല്‍വാസികളോട് പോലും അധികം സംസാരിക്കാത്ത ജയചന്ദ്രന് ഒരു സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയെന്നറിഞ്ഞപ്പോളുണ്ടായ നടുക്കം നാട്ടുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല.
കൊലപാതകത്തിലേക്ക് നയിച്ചത് സംശയങ്ങൾ
അമ്പലപ്പുഴ: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കാമുകൻ ജയചന്ദ്രന്റെ സംശയങ്ങൾ. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതാണ് ക്രൂരമായ കൊലപാതകത്തിനു കാരണമായത്. വിജയലക്ഷ്മിയെ ഇടുക്കിയിലാണ് വിവാഹം കഴിച്ചയച്ചത്.
ഈ വിവാഹത്തിൽ കുട്ടികളുമുണ്ട്. എന്നാൽ, ബന്ധം വേർപെടുത്തി കരുനാഗപ്പള്ളിയിൽ തിരിച്ചെത്തി താമസിക്കുന്നതിനിടെയാണ് തുറമുഖത്ത് ജോലിക്കെത്തിയ ജയചന്ദ്രനുമായി പരിചയപ്പെടുന്നത്. പിന്നീട് ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നതായാണ് അറിയുന്നത്. എന്നാൽ, വിജയലക്ഷ്മിക്ക് ജയചന്ദ്രനെ കൂടാതെ മറ്റു ചില ബന്ധങ്ങളുമുണ്ടായിരുന്നു.
ആറാം തീയതി ജയചന്ദ്രനും വിജയലക്ഷ്മിയുമായി അമ്പലപ്പുഴയിലെത്തിയശേഷം ഇവിടെനിന്ന് ഓട്ടോറിക്ഷയിൽ ജയചന്ദ്രന്റെ കരൂരുള്ള വീട്ടിൽ സന്ധ്യയോടെ എത്തി. ഇവിടെ ജയചന്ദ്രന്റെ ഭാര്യയും മകനുമില്ലായിരുന്നു. രാത്രി ഒരു മണിയോടെ മറ്റൊരാളുമായി വിജയലക്ഷ്മി ഫോണിൽ സംസാരിക്കുന്നത് കണ്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.