കായിപ്പുറം കൂബ്ലിക്കാട്ട് കുറുവാ സംഘത്തിന്റെ കവർച്ചാശ്രമം
1480826
Thursday, November 21, 2024 7:16 AM IST
മുഹമ്മ: കായിപ്പുറം കൂബ്ലിക്കാട് മേഖലയിൽ കുറുവാസംഘം കവർച്ചയ്ക്ക് എത്തിയത് നാടിനെ ഭീതിയിലാക്കി. തുരുത്തൻ കവലയ്ക്കു കിഴക്ക് കൂബ്ലിക്കാട് പീടിക വെളിയിൽ രാധാമണിയുടെ വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. രാത്രി പതിനൊന്നോടെ യാണ് സംഭവം.
രാധാമണിയുടെ ബന്ധുവായ വിഷ്ണുപ്രിയയാണ് മോഷ്ടാവിനെ കണ്ടത്. വീട്ടുകാർ അകത്തിരിന്നപ്പോൾ വീടിനോട് ചേർന്നുള്ള പൈപ്പിൽനിന്ന് വെള്ളം ചീറ്റുന്ന ശബ്ദം കേട്ടിരിന്നു. അൽപ്പം കഴിഞ്ഞപ്പോൾ കുറ്റിയിട്ടിരിന്ന വാതിൽ തുറക്കാനുള്ള ശ്രമം നടത്തുന്ന ശബ്ദവും കേട്ടു. വീട്ടുകാർ ഭയചകിതരായി ഇരിക്കുമ്പോഴാണ് ജനാലയുടെ കർട്ടൻ നീക്കി യുവാവ് നോക്കുന്നത് കണ്ടത്. വീട്ടുകാർ ഉറക്കെ നിലവിളിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. റോഡരികിലാണ് രാധാമണിയുടെ വീട്. രാധാമണിയുടെ രണ്ടു വീടിന് തെക്ക് ഭാഗത്തുള്ള ഇടപ്പറമ്പിൽ നളിനിയുടെ വീട്ടിലെ പൈപ്പും തുറന്നിട്ടു. വീട്ടുകാർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വാതിൽ തുറന്നില്ല.
രണ്ടു ദിവസം മുൻപ് കാഴ്ചയിൽ മലയാളികളല്ലാത്ത രണ്ടു യുവാക്കൾ റോഡിലൂടെ നിരീക്ഷണം നടത്തി പോയിരിന്നതായി വിഷ്ണുപ്രിയ പറയുന്നു. ബാഗും തൂക്കിയാണ് ഇവർ സഞ്ചരിച്ചിരിന്നത്. ഇവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും വിഷ്ണുപ്രിയ പറയുന്നു. കായൽ തീരത്തുള്ള റിസോർട്ടുകളിൽ ജോലിക്കെത്തിയ ഇതരസംസ്ഥാനക്കാരാണോ എന്നറിയാൻ പോലീസ് ശ്രമിച്ചെങ്കിലും അവർ അല്ലെന്ന് ബോധ്യമായിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി തണ്ണീർമുക്കം വാതാപറമ്പ് ക്ഷേത്രത്തിനു സമീപവും കുറുവാസംഘത്തെ കണ്ടതായി വാർത്ത പരന്നിരിന്നു. വാതാപ്പറമ്പ് അയ്യപ്പക്ഷേത്രത്തിൽ രാത്രി വൈദ്യുതി മുടങ്ങിയ നേരത്താണ് ഇതരസംസ്ഥാനക്കാർ എന്നു തോന്നുന്ന നാലംഗ സംഘം എത്തിയത്. മഴയത്ത് കയറിവന്ന ഇവരെ കണ്ട് സ്ത്രീകൾ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുറവാസംഘത്തെ കണ്ടതിനാൽ ജനം ജാഗരൂകരാകണമെന്ന് കാണിച്ച് പഞ്ചായത്തംഗം സോഷ്യൽ മീഡിയായിൽ ഇട്ട സന്ദേശവും വ്യാപകമായി പ്രചരിച്ചു.
പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14 അംഗ കുറുവാസംഘത്തിൽ സന്തോഷ് ശെൽവനെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. കളർകോട്, കോമളപുരം, മണ്ണഞ്ചേരി മേഖലകളിൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ സന്തോഷ് ശെൽവന്റെ കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം.