യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്നു മുഖ്യപ്രതി പിടിയിൽ
1480830
Thursday, November 21, 2024 7:16 AM IST
ഹരിപ്പാട്: വാക്കുതർക്കത്തിന്റെ പേരിൽ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി രണ്ടു മാസത്തിനുശേഷം പിടിയിൽ. ചിങ്ങോലി പ്രസാദ് ഭവനത്തിൽപ്രവീണി(37)നെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ചേപ്പാട് റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതി പിടിയിലായത്. സംഭവത്തിൽ എട്ടുപേർക്കെതിരെയാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്.
രണ്ടാം പ്രതി മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം മുതുകുളം വടക്ക് കടയശേരിൽ വീട്ടിൽ മിഥുലേഷ് മനോഹരൻ (31), മൂന്നാം പ്രതി കടയശേരിൽ വീട്ടിൽ അഖിലേഷ് (21) എന്നിവർ നേരത്തേ കോടതിയിൽ കീഴടങ്ങിയിരുന്നു. മറ്റു പ്രതികളായ ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ് (35), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36), മുതുകുളം വടക്ക് നടയിൽ പടീറ്റതിൽ ഹേമന്ത് (19), രാകേഷ് ഭവനത്തിൽ രാകേഷ് (24), ശ്രീവത്സം വീട്ടിൽ ശിവ എസ്. സുരേഷ് (20) എന്നിവരെ അക്രമണത്തിനു പിന്നാലെ തന്നെ അറസ്റ്റു ചെയ്തിരുന്നു. തിരുവോണത്തലേന്ന് രാത്രി പത്തരയോടെ ചിങ്ങോലി അനിതാ ഭവനത്തിൽഅർജുനെ(28)യാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിനു ഏതാനം ദിവസം മുൻപ് അർജുനും പ്രവീണും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിനാണ് മൂന്നു ബൈക്കുകളിൽ പ്രവീണിന്റെ നേതൃത്വത്തിൽ വടിവാളുൾപ്പെടെയുളള മാരകായുധങ്ങളുമായെത്തി അർജുനെ ആക്രമിച്ചത്. രണ്ടുകാലിനും മുഖത്തും വലതുകൈക്കും അർജുന് വെട്ടേറ്റിരുന്നു. 2022 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി.എസ്. ബൈജുവിനെ ഫലപ്രഖ്യാപന ദിവസം വധിക്കാൻ ശ്രമിച്ച കേസിലും മുഖ്യപ്രതിയാണ് പ്രവീൺ.