വേലിയേറ്റവും വെള്ളക്കെട്ട് ദുരിതങ്ങളും പ്രളയസമാനം കുട്ടനാട്
1480609
Wednesday, November 20, 2024 7:08 AM IST
മങ്കൊമ്പ്: വൃശ്ചിക വേലിയേറ്റം അനുദിനം ശക്തമാകുന്നതോടെ കുട്ടനാട്ടിൽ പ്രളയസമാനമായ സാഹചര്യം. പുഞ്ചകൃഷി ആരംഭിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
നിലവിൽ പുലർച്ചെ സമയത്താണ് വേലിയേറ്റം അനുഭവപ്പെടുന്നത്. ഇതു രാവിലെ പത്തുവരെ തുടരുന്നു. ഈ സമയങ്ങളിൽ സാധാരണ പ്രളയകാലത്തെക്കാൾ ജലനിരപ്പ് ഉയരുന്നുണ്ട്. ഇത് മൂലം പുഞ്ചകൃഷിയാരംഭിച്ചിട്ടുള്ള പാടശേഖരങ്ങളും കായൽ നിലങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
പല പാടശേഖരങ്ങളിലും വിത പൂർത്തിയായിക്കഴിഞ്ഞു. ഭൂരിഭാഗം പാടശേഖരങ്ങളും കായൽ നിലങ്ങളിലും വിതയ്ക്കുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. ജലനിരപ്പ് ആശങ്കാകരമായ നിലയിൽ ഉയരുന്നതിനാൽ കർഷകർ വിത ബോധപൂർവം വൈകിപ്പിക്കുകയാണ്. എന്നാൽ, വിത്തു കിളിർപ്പിച്ചു കാത്തിരിക്കുന്ന കർഷകരും ഇക്കൂട്ടത്തിൽ പെടുന്നു. ജലനിരപ്പുയർന്നതിനെത്തുടർന്ന് കുട്ടനാട്ടിലെ രണ്ടു പാടശേഖരങ്ങളിൽ മടവീഴ്ച സംഭവിച്ചിരുന്നു. വെള്ളം വറ്റിച്ച പല പാടശേഖരങ്ങളിലും പുറംബണ്ടു കവിഞ്ഞുകയറിയും മഴവെള്ളവും മൂലം വീണ്ടും വെള്ളക്കെട്ടു രൂപപ്പെട്ടിരിക്കുകയാണ്. വാങ്ങിയ വിത്തു കിളിർക്കാതെ വന്നതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജലനിരപ്പുയരുന്നതുമൂലം സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളും ചെറുതല്ല. വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പുരയിടങ്ങളിലും വീടുകളിലുമെല്ലാം വെള്ളം കയറും. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ദിവസേന മണിക്കൂറുകളോളം വെള്ളം കയറുന്നതുമൂലം കരകൃഷിക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും പുരയിടങ്ങളിലുമെല്ലാം പച്ചക്കറി കൃഷിയിറക്കിയിരിക്കുന്ന കർഷകർക്കാണ് കനത്ത നഷ്ടമുണ്ടായിരിക്കുന്നത്. കപ്പ, വാഴ തുടങ്ങിയ കരകൃഷികളും വ്യാപകമായി ഇതിനകം നശിച്ചിട്ടുണ്ട്.
പരിഹാരം
വേലിയേറ്റമാണ് നിലവിലെ സാഹചര്യത്തിൽ വില്ലനായി നിൽക്കുന്നത്. അതുകൊണ്ടുതന്നെ വേലിയേറ്റം നിയന്ത്രിക്കുക മാത്രമാണ് ഇതിന് ഏക പരിഹാരം. കടലിൽനിന്നും കുട്ടനാട്ടിലേക്കു വെള്ളമൊഴുകുന്നത് തടയാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നിയന്ത്രിക്കുകയെന്നതാണ് കർഷകരും നാട്ടുകാരും പരിഹാരമാർഗമായി നിർദേശിക്കുന്നത്.
മുൻ വർഷങ്ങളിൽ ഇതു പരീക്ഷിച്ചു വിജയിക്കുകയും ചെയ്തതാണ്. വേലിയേറ്റ സമയങ്ങളിൽ ഷട്ടറുകൾ താഴ്ത്തി നീരൊഴുക്കു നിയന്ത്രിക്കുക. ചില ദിവസങ്ങളിൽ കിഴക്കൻ വെള്ളത്തിന്റെ വരവുള്ളതിനാൽ വേലിയിറക്ക സമയങ്ങളിൽ ഷട്ടറുകൾ തുറന്നുവച്ച് കടലിലേക്കു ഒഴുക്കിക്കളയുകയും ചെയ്യണം. നേരത്തെ 22 ഷട്ടറുകൾ വേലിയേറ്റ സമയങ്ങളിൽ താഴ്ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ലെന്നു കർഷകർ പറയുന്നു. കർഷകർക്കു പുറമെ വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. അടിയന്തരമായി ഷട്ടറുകൾ നിയന്ത്രിക്കാത്തപക്ഷം കുട്ടനാട്ടിലെ ഇത്തവണത്തെ പുഞ്ചകൃഷി അവതാളത്തിലാകുമെന്നാണ് പൊതുവേ ഉയർന്നുവരുന്ന അഭിപ്രായം.
ജനപ്രതിനിധികൾ മുൻകൈയെടുക്കണം
കുട്ടനാടന്‍ പാടശേഖരപ്രദേശങ്ങളിലെ ജനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചു നിരന്തരം പരാതികളുയരുകയും പരിഹാരമാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടുകയുമൊക്കെ ചെയ്തിട്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചു ശാശ്വതപരിഹാരത്തിനുതകുന്ന പദ്ധതികളാവിഷ്കരിക്കാൻ അധികൃതർ മെനക്കെടുന്നില്ലെന്ന പരാതിയാണു നാട്ടുകാര്‍ക്കുള്ളത്.
കൃഷിക്കും വെള്ളക്കെട്ടുദുരിതനിവാരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച പ്രാദേശികാസൂത്രണത്തിലൂടെ ഓരോ പാടശേഖരപ്രദേശത്തും സജ്ജമാക്കാന്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുന്കൈയെടുക്കണമെന്നാണു നാട്ടുകാരാവശ്യപ്പെടുന്നത്.
ഉദാഹരണമായി, പാടശേഖരങ്ങളെ വെള്ളക്കെട്ടില്‍നിന്നും സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികളുണ്ടായാല്‍ അവയ്ക്കുള്ളിലൂടെയുള്ള റോഡുകളും നെല്‍ക്കൃഷിയും കരക്കൃഷിയും കാലിവളര്‍ത്തലും ജനജീവിതവുമെല്ലാം സുരക്ഷിതമാകില്ലേയെന്നാണവര് ചോദിക്കുന്നത്.
ഇത്തരത്തിലുള്ള വിജയിച്ച ചുരുക്കം ചില മാതൃകകളെ, ഏറെ കൊട്ടിഘോഷിച്ച റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ കുട്ടനാടന്‍ പതിപ്പെന്ന വിധം എടുത്തുകാട്ടുന്നവരുമുണ്ട്. നീലംപേരൂര്‍ പഞ്ചായത്തിലെ കിഴക്കേചേന്നംകരിപോലുള്ള പ്രദേശങ്ങളെ ഈ വര്ഷമിതേവരെ വെള്ളക്കെട്ടു ദുരിതങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലെന്നാണു പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പക്ഷേ ഇവിടങ്ങളിലും പാടശേഖരത്തിലെ സ്ഥിരം വൈദ്യുതി കണക്ഷന്, നെല്ക്കൃഷിയില്ലാത്തപ്പോഴത്തെ നിയന്ത്രിത പമ്പിംഗ് തുടങ്ങിയ വിഷയങ്ങളിപ്പോഴും ഭരണതലതീരുമാനങ്ങളുടെ പോരായ്മ മൂലം അനിശ്ചിതത്വത്തിലാണ്. കുട്ടനാടിനു ചേരാത്ത നിര്മാണപ്രവര്ത്തനങ്ങളടിച്ചേല്പ്പിച്ചു കോടികള്‍ പാഴാക്കുന്നതിനു പകരം, പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ചും വികാരങ്ങള്‍ മാനിച്ചും കുട്ടനാട്ടുകാരുടെ അതിജീവനം സാധ്യമാക്കാനുതകുന്ന രാഷ്ട്രീയ ഭരണതല ഇടപെടലുകളും പദ്ധതികളും ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.