22 വർഷത്തിനുശേഷം പ്രതി പിടിയിൽ
1480310
Tuesday, November 19, 2024 7:16 AM IST
മാന്നാർ: അബ്കാരി കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 22 വർഷത്തിനുശേഷം പിടിയിൽ. 2002ൽ വ്യാജ ചാരായ വില്പന നടത്തിയ കേസിൽ പ്രതിയായിരുന്ന മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹ(46)നെയാണ് 22 വർഷത്തിനുശേഷം മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. 2002ലാണ് മനോജ് മോഹനനെ വീട്ടിൽ വ്യാജ ചാരായ വില്പന നടത്തിയതിന് പോലീസ് പിടികൂടി കേസെടുത്തത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച് ദിവസങ്ങൾക്കുശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു.
ജാമ്യം ലഭിച്ചതിനുശേഷം ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. തുടർന്ന് കോടതി പ്രതിക്കെതിരേ ലോംഗ് പെന്റിംഗ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ്, എസ്ഐസി എസ്. അഭിരാം, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജിദ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.