കുടിവെള്ളമില്ല; കൈനകരിയിൽ പ്രതിഷേധമിരമ്പുന്നു
1481066
Friday, November 22, 2024 5:28 AM IST
മങ്കൊമ്പ്: വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്നിട്ടും കുടിവെള്ളം കിട്ടാക്കനിയായി കൈനകരി പഞ്ചായത്ത്. കഴിഞ്ഞ എട്ടുമാസത്തിലധിമായി പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഇതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഇടയ്ക്കിടെ ലഭിക്കുന്ന മഴയാണ് നാട്ടുകാർക്ക് ഏക ആശ്വാസം. എന്നാൽ, മഴ നിലയ്ക്കുന്നതോടെ വീണ്ടും കൈനകരി കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങും.
പാടശേഖരങ്ങളിൽനിന്നു പുറംതള്ളുന്ന വിഷം കലർന്ന മലിനജലം തോടുകളിലേക്കും ജലാശയങ്ങളിലേക്കും പുറന്തള്ളുന്നതിനാൽ പൊതുജലാശയങ്ങളിലെ വെള്ളം പ്രാഥമികാവശ്യങ്ങൾക്കു പോലും ഉപയോഗിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.
ഹൗസ് ബോട്ടുകളിൽ നിന്നും മറ്റും പുറംതള്ളുന്ന മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങളും ജലാശയങ്ങളെ കൂടുതൽ മലിനമാക്കുന്നു.
ജലജന്യരോഗങ്ങൾ
പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതി അനന്തമായി നീളുന്നതോടെ ജനങ്ങൾ പ്രതീക്ഷയറ്റ നിലയിലാണ്. ഓരോ തെരഞ്ഞെടുപ്പിലും കുടിവെള്ളം പ്രധാന വാഗ്ദാനമാണെങ്കിലും തെരഞ്ഞെടുപ്പു കഴിയുമ്പോൾ അധികാരികൾ ഇക്കാര്യം മറക്കുകയാണ് പതിവെന്നാണ് നാട്ടുകാരുടെ പരാതി. വേനൽക്കാലത്തെ പോലെ തന്നെ വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്താൽ ഒരു പരിധിവരെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാൻ കഴിയാത്തത് പഞ്ചായത്ത് ഭരണകൂടത്തിന്റെ കഴിവുകേടിനും ജനവിരുദ്ധ നടപടിക്കും തെളിവാണെന്നു മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം കുറ്റപ്പെടുത്തി. ജലജന്യ രോഗങ്ങൾ ബാധിച്ച് ജനങ്ങൾ ദുരിതമനുഭവി ക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തവർ കൈനകരിയിലെ ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്.
ഉപരോധ സമരം
പ്രദേശവാസിയായിരുന്നിട്ടും വിഷയത്തിൽ ഇടപെടാത്ത സ്ഥലം എംഎൽഎ പരാജയമാണ്. കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഉപരോധ സമരം നടത്താൻ കോൺഗ്രസ് കൈനകരി മണ്ഡലം കമ്മിറ്റി തീരുമാനം.
കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ഉപരോധം സമരം നടത്തുവാനും യോഗം തീരുമാനിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഡി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വി. രാജീവ്, എം. എം. ജോസഫ്, എസ്.ഡി. രവി, ഡി. ലോപ്പൻ, സിബിച്ചൻ കാളാശേരി, നബിൻ.പി. ജോൺ, പഞ്ചായത്തംഗം ആശ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.