ആനന്ദപ്പള്ളിക്ക് ആനന്ദോത്സവം
1591729
Monday, September 15, 2025 3:38 AM IST
മരമടി മഹോത്സവ കരടുബില്ല് മന്ത്രിസഭ അംഗീകരിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക ഉല്‍സവമായിരുന്ന ആനന്ദപ്പള്ളി മരമടി 17 വര്‍ഷത്തിനുശേഷം വീണ്ടുമെത്തുന്ന പ്രതീക്ഷയിലാണ് നാട്. മരമടി മഹോത്സവ കരടുബില്ലിന് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്കി. നിയമസഭ ബില്ല് പാസാക്കിക്കഴിഞ്ഞാല്‍ മരമടി ഏറ്റെടുത്തു നടത്താനുള്ള ഒരുക്കത്തിലാണ് ആനന്ദപ്പള്ളി കര്‍ഷകസമിതി.
2008 മുതല്‍ ആനന്ദപ്പള്ളി മരമടി നടക്കുന്നില്ല. ജെല്ലിക്കെട്ട് ഉള്‍പ്പെടെ മൃഗങ്ങളെ ഉപയോഗിച്ചു നടത്തുന്ന കാര്‍ഷികമേളകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ആനന്ദപ്പള്ളിയിലെ ആനന്ദോത്സവത്തിനും വിലക്കുണ്ടായത്. എന്നാല്‍ ശക്തമായ സമ്മര്‍ദത്തേ തുടര്‍ന്ന് 2017 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ അതത് സംസ്ഥാനങ്ങള്‍ അവരുടെ നിയമസഭകളില്‍ ബില്ല് പാസാക്കി ജെല്ലിക്കെട്ട്, കംബാല, മരമടി, കാളപൂട്ട്, ഉഴവ് മത്സരങ്ങള്‍ നടത്തുന്നതിനു അനുമതി നല്കി.
അപ്പോള്‍ തന്നെ തമിഴ്നാടും കര്‍ണാടകയും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി ബില്ല് പാസാക്കി പ്രസിഡന്റിന്റെ അനുമതി വാങ്ങി മുടങ്ങിയ ഉത്സവങ്ങള്‍ പുനരാരംഭിച്ചു. അക്കാലയളവില്‍ തന്നെ ആനന്ദപ്പള്ളി കര്‍ഷക സമിതിയും മരമടിക്കുള്ള ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തതാണ്. പക്ഷേ എട്ടു വര്‍ഷത്തിനു ശേഷമാണ് മന്ത്രിസഭ ഇത് പരിഗണിച്ചത്.
കര്‍ഷകനും കാളയും ഒന്നിക്കും
ആരും അറിയാത്ത പ്രയത്നങ്ങളും കഷ്ടപ്പാടുകളുമാണ് ഈ ഉത്സവത്തിന്റെ പിന്നിലുള്ളത്. കര്‍ഷകനും ഉരുക്കളും ഒന്നിച്ചു നിന്നെങ്കിലേ മരമടി പൂര്‍ണതയിലെത്തൂ. അനേകം മനുഷ്യരുടെ കഠിനാധ്വാനവും അതിലേറെ സാമ്പത്തികാവശ്യങ്ങളും മരമടിക്കുണ്ട്. മരമടിക്ക് മുന്നോടിയായി പാടം ഉഴുത് മറിച്ച് വൃത്തിയാക്കണം. കാഷ് അവാര്‍ഡ്, ട്രോഫി, താമസം, സ്റ്റേജ്, ഗതാഗതം, പവിലിയന് എന്നിങ്ങനെ ലക്ഷങ്ങളാണ് ചെലവാകുക.
ലക്ഷണമൊത്ത ഒരു ജോടി ഉരുക്കള്‍ക്കു ലക്ഷങ്ങളാണ് ഇപ്പോള്‍ വില. ഇവയിലധികവും കേരളത്തിനു പുറത്തുനിന്നെത്തിക്കുന്നവയാണ്. ഉരുക്കള്‍ക്ക് ചിട്ടയായ ആഹാര രീതിയും തരപ്പെടുത്തേണ്ടതുണ്ട്. ഒരു മാസം മുന്‍പ് പ്രത്യേക പരിശീലനവും ആഹാരവും നല്കിത്തുടങ്ങണം. ഉരുക്കള്‍ക്ക് ഒപ്പം ഓടുന്നവരെ പണം കൊടുത്ത് ബുക്ക് ചെയ്യണം.
ഇങ്ങനെ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. മൃഗപീഡനമാണ് ഇവിടെ നടക്കുന്നതെന്നുള്ള വാദം കര്‍ഷകര്‍ നിഷേധിക്കുന്നു. ഉരുക്കളുടെ. ആരോഗ്യ സംരക്ഷണത്തിനും ഊര്‍ജത്തിനും അങ്ങാടി മരുന്ന്, പാല്, മുതിര, മുട്ട, അരിക്കഞ്ഞി, കരിക്ക്, ബാര്‍ലി, കടല, പരുത്തിപ്പിണ്ണാക്ക് തുടങ്ങിയവയാണ് കൊടുക്കുന്നത്.
ശാരീരിക ബലത്തിന് ഉലുവ വേവിച്ച് കരിപ്പെട്ടിയില്‍ കലര്‍ത്തിയും നല്‍കും. സുഖ ചികിത്സയുടെ ഭാഗമായി ശരീരശുദ്ധി വരുത്താന്‍ രാവിലെയും വൈകുന്നേരവും ആദ്യം വൈക്കോലും പിന്നീട് സോപ്പും തേച്ച് കുളിപ്പിക്കണം. മത്സര ദിവസത്തിന്റെ തലേന്ന് ക്ഷീണം ഉണ്ടാകാതിരിക്കാന്‍ ദശമൂലാരിഷ്ടവും നല്‍കും.
നാടിന്റെ കാര്‍ഷികോത്സവം
ചേറ്റുകണ്ടത്തില്‍ കാളക്കൂറ്റന്മാര് നുകം കെട്ടി പായുന്നത് കര്‍ഷകരും വിദേശ ടൂറിസ്റ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന ആളുകളാണ് ആസ്വദിച്ചിരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായും മരമടി ഉത്സവം അംഗീകരിച്ചിരുന്നു.
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനു പിന്നാലെയാണ് 60 വര്‍ഷമായി നടന്നു വന്ന പരമ്പരാഗത കാര്‍ഷിക ഉത്സവമായ ആനന്ദപ്പള്ളി മരമടി ഉത്സവത്തിനും നിരോധനം വന്നത്. മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്ന വാദമാണ് ഈ കാര്‍ഷിക ഉത്സവം നിന്നു പോകാന്‍ കാരണമായത്.
ചിങ്ങക്കൊയ്ത്ത് കഴിഞ്ഞ് ഓഗസ്റ്റ് 15 നാണ് മരമടി നടത്തിയിരുന്നത്.
അടൂര്‍ പുതുവീട്ടില്‍ പടി ഏലാ കേന്ദ്രീകരിച്ച് 1950 ലാണ് മരമടി ഉത്സവം ആരംഭിച്ചത്. പിന്നീട് അമ്പിയില്‍ ഏലായിലേക്ക് എത്തി. അവിടത്തെ സ്ഥലപരിമിതി കാരണം ആനന്ദപ്പള്ളിയില്‍ കര്‍ഷക സമിതി രൂപീകരിച്ച് മരമടി ഏറ്റെടുത്തു.
1986 ലാണ് ആനന്ദപ്പള്ളി പാലശേരി ഏലായില മരമടി ഉത്സവം ആരംഭിച്ചത്. കൃഷിയിലുള്ള ആവേശം കെട്ടടങ്ങരുതെന്ന സന്ദേശമാണ് മരമടിയിലൂടെ കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. 2008 ലാണ് ആനന്ദപ്പള്ളി മരമടി നിലച്ചത്. മരമടിയെ സ്നേഹിക്കുന്ന ആയിരങ്ങളെ ഇതു നിരാശയിലാക്കി.
കൃഷിയിലുള്ള ആവേശം കെട്ടടങ്ങരുതെന്ന സന്ദേശമാണ് മരമടിയിലൂടെ കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. മരമടിയില്‍ പങ്കെടുക്കുന്ന ഉരുക്കളുടെ വിജയം തങ്ങളുടെ വിജയമായി കര്‍ഷകര്‍ കണക്കാക്കുന്നു.
പോരാട്ട വിജയം; ബില്ല് പാസായാല്‍ സീസണായി കാത്തിരിക്കില്ല
എട്ടുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരമടിക്ക് അനുമതി നല്‍കാനുള്ള ബില്ല് മന്ത്രിസഭയെങ്കിലും പാസാക്കിയതെന്ന് ആനന്ദപ്പള്ളി കര്‍ഷകസമിതി പ്രസിഡന്റ് വർഗീസ് ദാനിയേലും സെക്രട്ടറിവി.കെ. സ്റ്റാന്‍ലിയും പറഞ്ഞു.
2017 ജനുവരിയില്‍ തന്നെ ആനന്ദപ്പള്ളി കര്‍ഷക സമിതിയും മരമടി ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മൂന്നു തവണ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ല് പാസാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ അവകാശത്തെ ചോദ്യം ചെയ്തു മൃഗസ്നേഹികളുടെ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീംകോടതി അതു തള്ളുകയും സംസ്ഥാനങ്ങള്‍ ബില്ല് പാസാക്കുന്നതിനുള്ള അവകാശത്തെ ഉറപ്പിക്കുകയും ചെയ്തതാണ്.
പല ജില്ലകളിലെ കര്‍ഷകരും ബില്ലിനു വേണ്ടി കാത്തിരിക്കാതെ മരമടികള് മറ്റു പല പേരില്‍ നടത്തിയപ്പോഴും ആനന്ദപ്പള്ളി കര്‍ഷക സമിതി ബില്ലിനായി പോരാട്ടം തുടര്‍ന്നു. കര്‍ഷക സമിതി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കക്ഷി രാഷ്ട്രീയ നേതാക്കള്‍ക്കും, പ്രതിപക്ഷ നേതാവിനും നിരവധി നിവേദനങ്ങള്‍ കൊടുത്തു.
നിരവധി ധര്‍ണകള്‍ നടത്തി. എട്ടു വര്‍ഷത്തിനുശേഷം മന്ത്രിസഭ ഇത് പരിഗണിച്ചത് കര്‍ഷക സമിതിയുടെ മാത്രം പോരാട്ട വിജയമാണെന്ന് പ്രസിഡന്റുംസെക്രട്ടറിയും അഭിപ്രായപ്പെട്ടു. ബില്ല് പാസായാല്‍ അടുത്ത സീസാണായി കാത്തിരിക്കാതെ തന്നെ മരമടി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ഷക സമിതി.
മരമടി ബില്ല് ഈ നിയമസഭാ സമ്മേളനത്തില്‍തന്നെ കൊണ്ടുവരാന്‍ ശ്രമിക്കും
അടൂർ: തെക്കന്‍ കേരളത്തിലെ തന്നെ ശ്രദ്ധേയ കാര്‍ഷികോത്സവങ്ങളില്‍ ഒന്നായിരുന്ന ആനന്ദപ്പള്ളി മരമടി പുനരാരംഭിക്കുന്നതിനുള്ള നിയമ നിര്‍മാണ സാധ്യത തെളിഞ്ഞതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മരമടിക്കൊപ്പം കന്നുപൂട്ട്, കാളപൂട്ട് തുടങ്ങിയ കാര്‍ഷിക കായിക വിനോദങ്ങളും ഈ കാലയളവില്‍ രാജ്യത്താകെ നിരോധിച്ചിരുന്നു.
ശക്തമായ പ്രാദേശിക പ്രക്ഷോഭങ്ങളേ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ നിയമനിര്‍മാണം സാധ്യമാക്കി ജെല്ലിക്കെട്ട് പുനരാരംഭിച്ചുവെങ്കിലും കേരളമടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ ഈ വിഷയത്തിന്മേലുള്ള നിയമ നിര്‍മാണ, ഭേദഗതി നടപടികളില്‍ വേണ്ടത്ര പുരോഗതി അന്നുണ്ടായില്ലെന്ന് ചിറ്റയം പറഞ്ഞു.
ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ മരമടി ബില്ല് അവതരിപ്പിച്ച് പാസാക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സാമാജികന് എന്ന നിലയില്‍ സഭയില്‍ നിരവധി തവണ ചോദ്യങ്ങളിലൂടെയും, സബ്മിഷനിലൂടെയും പ്രസംഗങ്ങളിലൂടെയും ഈ വിഷയം സജീവമാക്കിയിരുന്നു.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന പദവിയില്‍ നേരിട്ട് ഈ വിഷയത്തില്‍ ഇടപെടുന്നതിനുള്ള നിയമപരമായ പരിമിതി ബോധ്യപ്പെട്ട് നിയമസഭാനുബന്ധ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി സംവിധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സമ്മേളനത്തില്‍ ഈ വിഷയത്തിന്മേല് അവതരിപ്പിക്കപ്പെട്ട സ്വകാര്യ ബില്ലിന്റെതുടര്ച്ചയായിട്ടാണ് നിയമ ഭേദഗതി വിഷയത്തില്‍ നിലവിലുള്ള പുരോഗതി ഉണ്ടായിട്ടുള്ളതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
കാര്‍ഷികോത്സവമായ മരമടി നടപ്പിലാക്കുന്നതിന് ആവശ്യമായ കരട് ബില്‍ ഈ നിയമസഭാ കാലയളവില്‍ അംഗീകരിക്കപ്പെടുമെന്ന പ്രത്യാശയിലാണ്. 1960 ലെ കേന്ദ്രസര്‍ക്കാര്‍ നിയമത്തിന് ഭേദഗതി വരുത്തിയാകും ഈ വിഷയം പരിഹരിക്കപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു.