കോയിപ്രത്ത് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം : കൂടുതൽ വിവരങ്ങൾ പുറത്ത്
1591720
Monday, September 15, 2025 3:38 AM IST
ദമ്പതികളെക്കുറിച്ച് വിശദമായ അന്വേഷണം
കോഴഞ്ചേരി: കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പോലീസിനു നല്കിയ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. കോയിപ്രം ആന്താലിമണ്ണ് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന് അടിച്ചത് രശ്മിയാണെന്നും നഖത്തില്‍ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു.
ഇതിനിടെ മുറിവില്‍ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.
തിരുവോണ ദിവസം വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണെന്ന് പറയുന്നു. ജയേഷിന്റെ കൂടെ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. രശ്മിയുമായി അടുത്ത പരിചയത്തിലുമായിരുന്നു യുവാവ്.
ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകൾ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തില്‍ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. യുവാവ് പറഞ്ഞു. ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും പറയുന്നു.
ക്രൂരമര്‍ദ്ദനത്തിനു മുന്‍പ് ആഭിചാരക്രിയകള്‍ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയതു പോലെയാണ് അവര്‍ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ഓണദിവസം രാവിലെ ജയേഷുമൊത്ത് മദ്യപിച്ചശേഷമാണ് വീട്ടിലെത്തിയത്. സംസാരിക്കുന്നതിനിടിയില്‍ പെട്ടെന്ന് പെപ്പര്‍ സ്പ്രേ അടിച്ചു. അപ്രതീക്ഷിതമായി കൈകെട്ടി പിന്നീട് കയറില്‍ കെട്ടിത്തൂക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് മൊഴി..
പ്രതികള്‍ക്ക് മനോവൈകല്യമുണ്ടെന്ന സംശത്തിലാണ് പോലീസ്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചത്. രശ്മിയുമായി ലൈംഗിക ബന്ധത്തിലേപ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് വിവരം. യുവാവിന്റെ പക്കല്‍ നിന്നും പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. സമാനമായ രീതിയില്‍ ദമ്പതികളുടെ മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയെ കണ്ടെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ഇയാള്‍ കേസ് നല്‍കാന്‍പോലും തയാറല്ലായിരുന്നു. 19 കാരനായ യുവാവിനാണ് മര്ദമമേറ്റത്. കഴിഞ്ഞ ഒന്നിനാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്.
പരിചയം മുതലെടുത്ത് ഹണി ട്രാപ്പ് മോഡല്‍ കെണിയൊരുക്കി
ജയേഷ് ഇടയ്ക്ക് ബെംഗളൂരുവിലും മൈസൂരുവിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. മര്‍ദനത്തിനിരയായ റാന്നി സ്വദേശിയായ യുവാവും ജയേഷും ഒപ്പം ജോലി ചെയ്തിട്ടുണ്ട്. റാന്നി സ്വദേശിയുടെ ബന്ധുവാണ് മര്‍ദത്തിനിരയായ ആലപ്പുഴ സ്വദേശി. രണ്ടുപേര്‍ക്കും രശ്മിയുമായി ഫോണ്‍ വഴി പരിചയമുണ്ട്.
ഹണി ട്രാപ്പ് മോഡലില്‍ യുവാക്കളെ കുരുക്കാന്‍ വേണ്ടി രശ്മിയുമായി ഫോണ്‍ വഴി ബന്ധമുണ്ടാക്കി കെണിയൊരുക്കിയതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. നേരിട്ടത് കൊടിയ മര്‍ദ്ദനമാണെന്നാണ് റാന്നി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയത്. റാന്നി സ്വദേശിയെ തിരുവോണദിവസംവീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ തന്നെ സംശയങ്ങള്‍ തോന്നിയിരുന്നുവെന്ന് യുവാവ് പറഞ്ഞു.
കഴുത്തില്‍ കത്തി വച്ച ശേഷം വിവസ്ത്രനാക്കി ഭാര്യക്കൊപ്പം കട്ടിലില്‍ കിടക്കാന്‍ ജയേഷ് ഭീഷണിപ്പെടുത്തി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിക്കാന്‍ പറഞ്ഞു. അതിനുശേഷം ഉത്തരത്തില്‍ കെട്ടിത്തൂക്കി മര്‍ദിച്ചുവെന്നും മനോനില തെറ്റിയവരെപോലെയാണ് പെരുമാറിയിരുന്നതെന്നും റാന്നി സ്വദേശി പറഞ്ഞു. ആഭിചാരക്രിയകളൊക്കെ നടത്തിയായിരുന്നു മര്‍ദനമെന്നും റാന്നി സ്വദേശി പറഞ്ഞു.
മര്‍ദനത്തിനിരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചു
ജനനേന്ദ്രിയത്തില്‍ മുളകു സ്പ്രേ അടിച്ച ശേഷം 23 സ്റ്റേപ്ലര്‍ പിന് അടിച്ചു കയറ്റി. രശ്മിയാണ് ഈ ക്രൂരത ചെയ്തതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. സെപ്റ്റംബര്‍ ഒന്നിന് മര്‍ദ്ദനമേറ്റ ആലപ്പുഴ സ്വദേശിക്ക് ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി. നട്ടെല്ലടക്കം പൊട്ടലുണ്ട്. മര്‍ദ്ദിച്ചശേഷം യുവാക്കളെ വഴിയരികിൽ തള്ളി. നഗ്ന ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ യുവാക്കള്‍ ആരോടും പരാതിപ്പെട്ടില്ല.
റാന്നി സ്വദേശിയെ വഴിയരികില്‍ നിന്ന് പുതമണ്‍ ഭാഗത്തള്ള ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ജയേഷിനെയും ഭാര്യയെയും ഭയന്ന് ആദ്യം കളവായ മൊഴിയാണ് റാന്നി സ്വദേശി നല്‍കിയത്. വിശദമായ അന്വേഷണത്തിലാണ് കോയിപ്രം ആന്താലിമണ്‍ സ്വദേശികളായ ജയേഷിനെയും ഭാര്യ രശ്മിയെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ദുരൂഹതകള്‍ ബാക്കി
അയല്‍ക്കാരുമായി ബന്ധമില്ലാതെയാണ് ജയേഷും ഭാര്യ രശ്മിയും താമസിച്ചിരുന്നത്. പലദിവസങ്ങളിലും ആഭിചാരക്രിയകള്‍ നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സൈക്കോ മനോനിലയുള്ള ദമ്പതികളാണ് ഇവരെന്നും ഇവരുടെ ജീവിതശൈലിയിലടക്കം അടിമുടി ദുരൂഹതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ ഒന്നും തൊട്ട് അയല്പക്കത്തെ വീട്ടുകാര്‍ പോലും അറിഞ്ഞില്ല. ആരുമായി സഹകരിക്കാതെ ഒറ്റപ്പെട്ടാണ് ജയേഷും ഭാര്യയും താമസിക്കുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് യുവാക്കളെ മര്‍ദിക്കാന്‍ ഉപയോഗിച്ച പ്ലെയര്‍ അടക്കമുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.