പുനരൈക്യ വാര്‍ഷികം: ഇടവകതല ആഘോഷങ്ങള്‍ക്കു തുടക്കം
1591721
Monday, September 15, 2025 3:38 AM IST
പത്തനംതിട്ട: അടൂരില്‍ 16ന് ആരംഭിക്കുന്ന 95 ാമത് പുനരൈക്യ വാര്‍ഷികത്തിന്റെ ആതിഥേയ രൂപതയായ പത്തനംതിട്ടയിലെ മലങ്കര കത്തോലിക്കാ ഇടവകകളില്‍ ആഘോഷ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി.
ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കൊപ്പം ആദ്യം പുനരൈക്യപ്പെട്ട അഞ്ചു പേരില്‍ ഒരാളായ ഫാ. ജോണ്‍ കുഴിനാപ്പുറത്ത് ഒഐസിയുടെ മാതൃ ഇടവകയായ ഓമല്ലൂര്‍ ചീക്കനാല്‍ സെന്റ് പീറ്റേഴ്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ ഇടവകതല പുനരൈക്യ ആഘോഷങ്ങളുടെ രൂപതാതല ഉദ്ഘാടനം നടന്നു.
പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത വചന സന്ദേശം നല്കി.
ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ ഫാ. വര്‍ഗീസ് കുറ്റിയില്‍ ഒഐസി, ഫാ.ജോണ്‍ കുഴിനാപ്പുറം അനുസ്മരണം നടത്തി. പത്തനംതിട്ട രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതിൽ, ബഥനി ആശ്രമം പ്രൊക്കുറേറ്റര്‍ ജനറാള്‍ ഫാ. ജോണ്‍ തുണ്ടിയത്ത് ഒഐസി, ഫാ. ജോണ്‍ വട്ടപ്പറമ്പില്‍ ഒഐസി, ഫാ. വര്‍ഗീസ് ചാമക്കാലായിൽ, ഫാ. മാത്യു പടയാനിക്കല്‍, ഫാ. തോമസ് വടക്കേക്കര, ഫാ. ഐവാന്‍ പുതുപ്പറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു.
ചീക്കനാല്‍ ഇടവക വികാരി ഫാ. ജോയ്സി പുതുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വിശ്വാസ സമൂഹം ഒന്നാകെ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു.
16 മുതല്‍ 20 വരെ അടൂര്‍ ഓള് സെയിന്റ്സ് സ്കൂളില്‍ നടക്കുന്ന 95-ാം പുനരൈക്യ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നൊരുക്കമായി പത്തനംതിട്ട രൂപതയിലെ 100 പള്ളികളിലും ഇന്നലെ വിശുദ്ധ കുര്ബാനയോടനുബന്ധിച്ച് പരേതരായ ഇടയ ശ്രേഷ്ഠരുടെ അനുസ്മരണവും കാതോലിക്കാ പതാക ഉയര്‍ത്തലും നടന്നു.