സര്‍വേ അപാകതകള്‍ പരിഹരിക്കുന്നതിനു നടപടികള്‍
1481857
Monday, November 25, 2024 4:00 AM IST
കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ സര്‍വേ അപാകതകള്‍ പരിഹരിക്കുന്നതിന് യോഗം ചേര്‍ന്നു. തണ്ണിത്തോട് പഞ്ചായത്തില്‍ നടന്ന അദാലത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍വേ ഡയറക്ടര്‍ സാംബശിവ റാവുവും ജനീഷ് കുമാര്‍ എംഎല്‍എയും ജനപ്രതിനിധികളും ഉയര്‍ന്ന സര്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
തണ്ണിത്തോട് പഞ്ചായത്തിലെ കൈവശ ഭൂമികള്‍ അളന്നു തിട്ടപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ നല്കി. ചിറ്റാര്‍, സീതത്തോട്, അരുവാപുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു. സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളില്‍ സര്‍വേ നടപടികള്‍ക്കായി ക്യാമ്പ് ഓഫീസ് തുറക്കുവാനും തീരുമാനമായി.
യോഗത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, സര്‍വേ ഡയറക്ടര്‍ സാംബശിവറാവു, സബ് കളക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി. ജോര്‍ജ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ദേവ്, തണ്ണിത്തോട് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജയിംസ്, സുലേഖ ടീച്ചര്‍, സത്യന്, പത്മകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.