കഥകളി ഗ്രാമത്തിലെ മ്യൂസിയം നിര്‍മാണം അനിശ്ചിതത്വത്തില്‍
1481860
Monday, November 25, 2024 4:20 AM IST
കോഴഞ്ചേരി: കഥകളി മ്യൂസിയം പ്രഖ്യാപനത്തിലൊതുങ്ങി; സ്ഥലം കാടുകയറി നശിക്കുന്നു. ജില്ലാ കഥകളി ക്ലബ്ബിന് സ്വന്തം ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനുവേണ്ടി വാങ്ങിയ സ്ഥലമാണ് കഥകളി മ്യൂസിയത്തിനായി അയിരൂര്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയത്. കഥകളി ഗ്രാമമെന്ന് ഔദ്യോഗികമായി അംഗീകരിച്ച അയിരൂരില്‍ കഥകളിയുടെ പ്രോത്സാഹനത്തിനുവേണ്ടി തയാറാക്കിയ പദ്ധതികളിലാണ് മ്യൂസിയവും ഉള്‍പ്പെട്ടിരുന്നത്.
അയിരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജില്ലാ കഥകളി ക്ലബ്ബ് 24 ലക്ഷം രൂപ മുടക്കിയാണ് പത്തു വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴഞ്ചേരി - റാന്നി റോഡില്‍ ചെറുകോല്‍പ്പുഴ പാലത്തിനു സമീപം പമ്പാനദിക്കരയില്‍ ആസ്ഥാനമന്ദിരത്തിനുവേണ്ടി സ്ഥലം വാങ്ങിയത്.
കലാഗ്രാമം എന്ന നിലയില്‍ സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ആരംഭിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു ഡെസ്റ്റിനേഷന്‍ എന്ന പദ്ധതിയില്‍ ജില്ലാ കഥകളി ക്ലബ്ബിനെ ഉള്‍പ്പെടുത്തി കഥകളി മ്യൂസിയം നിര്‍മിക്കുന്നതിനുവേണ്ടിയാണ് ക്ലബ്ബ് വാങ്ങിയ സ്ഥലം ഗ്രാമപഞ്ചായത്തിനു കൈമാറുകയായിരുന്നു. ഒന്നരക്കോടി രൂപ ചെലവില്‍ മ്യൂസിയത്തിന്റെ നിര്മാണപ്ലാന് ആറന്മുള വാസ്തുവിദ്യാ ഗുരുകുലം തയാറാക്കുകയും ചെയ്തിരുന്നു.
മ്യൂസിയത്തിനുവേണ്ടിവരുന്ന തുകയുടെ പകുതി വിനോദ സഞ്ചാരവകുപ്പും ശേഷിക്കുന്ന തുക ത്രിതല പഞ്ചായത്തുകളില്‍നിന്നു ലഭ്യമാക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. ആന്റോ ആന്റണി എംപി 25 ലക്ഷം രൂപയും പ്രമോദ് നാരായണ്‍ എംഎല്‍എ 15 ലക്ഷം രൂപയും തങ്ങളുടെ ആസ്തിവികസനഫണ്ടില്നിന്നു മ്യൂസിയം നിര്‍മാണത്തിനു നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.
സാങ്കേതികത്വത്തില്‍ കുടുങ്ങി
മ്യൂസിയം നിര്മാണത്തിനുവേണ്ടി മണ്ണ് പരിശോധനയും മറ്റു സാങ്കേതിക നടപടികളും പൂര്‍ത്തീകരിച്ചപ്പോഴാണ് മ്യൂസിയത്തില്‍ ഒന്നില്‍ക്കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്നും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിക്കാതെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ നിര്‍മാണത്തിനുള്ള അനുമതി നല്കാന് കഴിയില്ലെന്നുമുള്ള നിലപാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചത്.
പഞ്ചായത്തിലെ എന്‍ജിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി തടസവാദം ഉന്നയിച്ച് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് മ്യൂസിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായി. തടസവാദം ഉന്നയിച്ച സെക്രട്ടറി സ്ഥലംമാറിപ്പോയി പുതിയ ആള് വന്നെങ്കിലും നിലപാടില്‍ മാറ്റമുണ്ടായില്ല. സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നിര്‍മാണം നടത്താനുള്ള പ്രവര്‍ത്തനങ്ങളും എങ്ങുമെത്തിയില്ല.
സ്വന്തമായി ഉണ്ടായിരുന്ന ഭൂമി മ്യൂസിയത്തിനുവേണ്ടി കഥകളി ക്ലബ്ബ് ഗ്രാമപഞ്ചായത്തിന് സ്വമേധയാ നല്‍കുകയായിരുന്നു. ഈ ഭൂമി തിരിച്ച് ക്ലബ്ബിന് എഴുതി നല്കാന് സാങ്കേതിക കാരണങ്ങളാല്‍ പഞ്ചായത്തിനു കഴിയുകയില്ല.
കഥകളി ക്ലബ്ബിനും ആസ്ഥാനമായില്ല
ജില്ലാ കഥകളി ക്ലബ്ബിന്റെ അഭ്യര്‍ഥനപ്രകാരം അയിരൂര്‍ ഗ്രാമപഞ്ചായത്തിനെ കഥകളി ഗ്രാമം എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടും കഥകളി ക്ലബ്ബിന് ആസ്ഥാനമന്ദിരം ഉണ്ടാക്കാനായിട്ടില്ല. കഥകളി മേള അടക്കം പരിപാടികളിലൂടെ പ്രവര്‍ത്തനം സജീവമാണ്. അയിരൂര്‍ ഗ്രാമത്തെ കഥകളിയുടെ പേരിലാക്കി മാറ്റുന്നതില്‍ ക്ലബ് വഹിച്ച പങ്കും വലുതാണ്.
നിലവില്‍ ഭൂമിയും നഷ്ടപ്പെട്ട് മ്യൂസിയവും ഇല്ലാതായി എന്ന അവസ്ഥയിലാണ് കഥകളി ക്ലബ്ബ്. കഥകളി ക്ലബ്ബിന്റെ ആസ്ഥാനമന്ദിരത്തിനുവേണ്ടി വാങ്ങിയ സ്ഥലമാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിക്കാതെയാണ് വാസ്തുവിദ്യാ ഗുരുകുലം പദ്ധതിരേഖ തയാറാക്കിയതെന്ന വിമര്‍ശനവും കഥകളി ആസ്വാദകര്ക്കുണ്ട്.