സംയുക്ത തൊഴിലാളി, കര്‍ഷക സംഘടന ധര്‍ണ നാളെ
1481854
Monday, November 25, 2024 4:00 AM IST
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിനെതിരേ രാജ്യ വ്യാപകമായി കര്‍ഷകത്തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നാളെ ധര്‍ണ നടത്തും. രാവിലെ പത്തിന് സംയുക്ത സമരസമിതി ജില്ലാ ചെയര്മാന് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യും.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി, ടിയുസിഐ, എഐയുടിയുസി, എന്‍എല്‍സി, എന്‍കെഎസ്, സേവ തുടങ്ങിയ തൊഴിലാളി സംഘടനകള്‍ക്കു പുറമേ കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്, കിസാന്‍ സഭ തുടങ്ങിയവയുടെ പ്രവര്‍ത്തകരും പങ്കെടുക്കും.
മിനിമം വേതനം മാസം 26,000 രൂപയും പെന്ഷന് 10,000 രൂപയും ഉറപ്പാക്കുക, അഗ്നിപഥ് സ്ക്രീം പിന്‍വലിക്കുക, ഉത്പാദനച്ചെലവിനോട് അതിന്റെ പാതിയും കൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാര്‍ഷികോത്പന്നങ്ങളും സംഭരണം നടത്തുക, ദരിദ്ര- ഇടത്തരം കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളുക,
ലേബര്‍ കോഡുകളും 2022ലെ ഇലക്ട്രിസിറ്റിഭേദഗതി ബില്ലും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നു സംയുക്ത സമരസമിതി കണ്‍വീനര്‍ കെ.സി. രാജഗോപാല്‍ അറിയിച്ചു.