ആറു ലക്ഷം തീര്‍ഥാടകരെത്തി : തീര്‍ഥാടനകാലം സുഗമമെന്ന് പ്രസിഡന്റ്
1481848
Monday, November 25, 2024 4:00 AM IST
ശബരിമല: ശബരിമല മണ്ഡലകാലം ആരംഭിച്ച് ഒമ്പതുദിവസം പിന്നിട്ടപ്പോള്‍ 6,12,290 തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയതായി പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 3,03,501 തീര്‍ഥാടകര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവില്‍ കൂടുതല്‍ എത്തിയതായും പ്രസിഡന്റ് പറഞ്ഞു.
41,64,00,065 രൂപ വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,33,79,701 രൂപ കൂടുതലാണ് ലഭിച്ചത്. തീര്‍ഥാടനകാലത്ത് ഇതുവരെ സുഗമമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വണ്ടിപ്പെരിയാര്‍ - സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിംഗിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
ഭക്തര്‍ക്ക് ആശങ്കയില്ലാതെ ശബരിമല ദര്‍ശനത്തിനെത്താനാകും. എത്ര തീര്ഥാടകരെത്തിയാലും ദര്‍ശനം നല്‍കാനാകും. ഒരാള്‍ക്കുപോലും ദര്‍ശനം സാധ്യമാകാതെ മടങ്ങിപ്പോകാനുള്ള സാഹചര്യം ഉണ്ടാകില്ല. ദര്‍ശനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡോ കോപ്പിയോ കൈയില്‍ കരുതണമെന്നു മാത്രം.
ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് കരുതരുത്. ഇക്കാര്യം തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളോ പായ്ക്കിംഗോ ശബരിമലയിലേക്ക് കൊണ്ടുവരരുതെന്നാണ് നിര്‍ദേശം. പമ്പാനദിയെ മലിനമാക്കുന്ന തരത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്നും ഇവ ആചാരത്തിന്റെ ഭാഗമല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ഉദ്യോഗസ്ഥതല അവലോകനയോഗം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത അവലോകനയോഗം സന്നിധാനത്ത് നടന്നു. ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ.ഇ. ബൈജു, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി, ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ വി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പോലീസ്, അഗ്നിശമനസേവാ വിഭാഗം, എക്സൈസ്, റവന്യു, മലിനീകരണ നിയന്ത്രണബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. തീര്‍ഥാടനകാലം പൂര്‍ണവിജയമാക്കാന്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് തുടര്‍ന്നും നീങ്ങുമെന്ന് എഡിഎം പറഞ്ഞു.
എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം മികച്ചതാണെന്ന് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. പോലീസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ ഓഫീസര്‍ വിശദീകരിച്ചു. ഭക്തരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആംബുലന്‍സ് സേവനം കാലവിളംബം കൂടാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
കടകളില്‍ വ്യക്തമായി കാണത്തക്കവിധം വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
ദര്‍ശനം കഴിഞ്ഞു പോകുന്ന ഭക്തരുടെ കണക്ക് പമ്പയില്‍ ദുരന്തനിവാരണവകുപ്പ് രേഖപ്പെടുത്തണം. ഭക്ഷ്യസുരക്ഷാവകുപ്പുമായി ബന്ധപ്പെട്ട ടോള്‍ ഫ്രീ നമ്പര്‍ കൃത്യമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു.