വെള്ളാള മഹാസഭയുടെ പേരിലുള്ള യോഗങ്ങൾ നിയമവിരുദ്ധമെന്ന്
1481566
Sunday, November 24, 2024 4:43 AM IST
പത്തനംതിട്ട: കേരള വെള്ളാള മഹാസഭയിൽ നിയമാനുസൃതമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് വെള്ളാള സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെവിഎംഎസിന് നിലവിൽ ഔദ്യോഗിക ഡയറക്ടർ ബോർഡ് ഇല്ലാത്ത സാഹചര്യമാണ്. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നതിനേത്തുടർന്ന് കോടതി വ്യവഹാരങ്ങളെ നേരിടുകയാണ്.
കെവിഎംഎസ് ബൈലോയ്ക്ക് വിരുദ്ധമായി ഭരണത്തിൽവന്ന പ്രസിഡന്റ് എൻ. മഹേശനും ജനറൽ സെക്രട്ടറി മണക്കാട് ആർ. പത്മനാഭൻ വിഭാഗവും ഇപ്പോൾ പരസ്പരം മത്സരിച്ച് പൊതുയോഗവും സ്കൂൾ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പൊതുയോഗവും വിളിച്ചിരിക്കുകയാണ്. ഏതു വിധേനയും വയ്യാറ്റുപുഴ വികെവിഎം വിഎച്ച്എസ്എസിന്റെ മാനേജർ ആകുകയാണ് ലക്ഷ്യം.
നിലവിലെ സാഹചര്യത്തിൽ സമുദായത്തിന്റെ പേരിലോ എഡ്യുക്കേഷൻ സൊസൈറ്റിയുടെ പേരിലോ യോഗങ്ങൾ വിളിക്കാൻ ആർക്കും അവകാശമില്ലെന്നിരിക്കേ നടക്കുന്ന യോഗങ്ങൾ നിയമവിരുദ്ധമാണെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
വെള്ളാള സംരക്ഷണസമിതിപ്രസിഡന്റ് കെ.സി. ഗണപതിപിള്ള, സെക്രട്ടറി കെ.പി. ഹരിദാസ്, വിനോദ് പിള്ള പ്രമാടം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.