ഡാമുകളിൽനിന്നു മണൽനീക്കം അനുവദിക്കണം: ശാസ്ത്രവേദി
1481565
Sunday, November 24, 2024 4:43 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ഡാമുകളിൽനിന്ന് മണൽ നീക്കം ചെയ്തു സംഭരണശേഷി വർധിപ്പിക്കണമെന്ന് ശാസ്ത്രവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ 44 നദികള്‍ ഉണ്ടെങ്കിലും വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.
നദികളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന മണല്‍ സമ്പത്ത് ഒരു പരിധിവരെ പ്രകൃതി ദുരന്തത്തിന് കാരണവുമാകുന്നു. ഡാമുകളില്‍നിന്ന് മൂന്നു പതിറ്റാണ്ടിലേറെയായി മണല്‍ നീക്കം ചെയ്യാത്തതിനാല്‍ ജലസംഭരണ ശേഷിയും വളരെ കുറവാണ്. ഇപ്പോള്‍ മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കിക്കളയേണ്ട അവസ്ഥയാണ്.
നദികളിലും ഡാമുകളിലും അധികമായി എത്തിയിട്ടുള്ള മണൽ നീക്കം ചെയ്താൽ സർക്കാരിനു റവന്യു വരുമാനം വർധിക്കുകയും ചെയ്യുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ജില്ലാ സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ. സൈമണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, ഡോ. ഗോപി മോഹന്‍ തുടങ്ങിയവർ പ്രസംഗിച്ചു.