കമ്മിറ്റി വിളിച്ചതിനെച്ചൊല്ലി കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം കമ്മിറ്റിയിൽ തർക്കം
1481564
Sunday, November 24, 2024 4:43 AM IST
അടൂർ: കേരളകോൺഗ്രസ് -എം അംഗങ്ങൾ പരസ്പം ചേരിതിരിഞ്ഞ് തർക്കവും പിടിച്ചു തള്ളലുമുണ്ടായി. നിയോജകമണ്ഡലം പ്രസിഡന്റ് അറിയാതെ ജില്ലാ പ്രസിഡന്റ് യോഗം വിളിച്ചുവെന്നാരോപിച്ച് അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തിൽ എത്തിയവരുമായിട്ടാണ് തർക്കം ഉണ്ടായത്.
കേരള കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് റെജി മുരുപ്പേൽ, ജില്ലാ കമ്മിറ്റിയംഗം മോഹനൻ പള്ളിപ്പാട്, പന്തളം മണ്ഡലം പ്രസിഡന്റ് ലിനു മാത്യു, പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റ് ജോസ് കുളത്തിൻകരോട്, അടൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഭയകുമാർ തുടങ്ങിയവർ സജു മിഖായേലിനോടൊപ്പം ഉണ്ടായിരുന്നു.
ഏഴംകുളം സഹകരണ ബാങ്ക് ബോർഡ് അംഗം തോമസ് മാത്യുവും കൂടെയുള്ളവരും കമ്മിറ്റിക്ക് എത്തിയപ്പോൾ നിയോജകമണ്ഡലം പ്രസിഡന്റിന്റെ ഒപ്പം ഉള്ളവർ തടയുകയും പരസ്പരം അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. എന്നാൽ അടൂർ നിയോജക മണ്ഡലം വിളിച്ചു ചേർക്കണം എന്ന് നിയോജകമണ്ഡലം പ്രസിഡന്റിനും സെക്രട്ടറിക്കും ജില്ലാ കമ്മിറ്റി കത്ത് നൽകിയിരുന്നതായി അജി പാണ്ടിക്കുടി പറഞ്ഞു.
യോഗ നിരീക്ഷകനായി വന്ന പ്രമോദ് നാരായൺ എംഎൽഎ വിവരം അറിഞ്ഞ് യോഗസ്ഥലത്തു കയറാതെ മടങ്ങി.
ജില്ലാ പ്രസിഡന്റ് അനുകൂലികൾ സംസ്ഥാന കമ്മിറ്റിയംഗം ഡോ. വർഗീസ് പേരയിലിന്റെ വസതിയിൽ യോഗം കൂടി കമ്മിറ്റിക്കു തടസം നിന്നവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.