കരവിരുത് പ്രകടമാക്കി പ്രവൃത്തിപരിചയമേള
1464955
Wednesday, October 30, 2024 4:39 AM IST
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂൾ പ്രവൃത്തിപരിചയമേളയിൽ കുട്ടികളുടെ കരവിരുത് ആരെയും ആകർഷിക്കുന്നതായി. ശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രവൃത്തിപരിചയമേള കാതോലിക്കേറ്റ് എച്ച്എസ്എസിലാണ് ഇന്നലെ നടന്നത്.
വിവിധ സ്കൂളുകളിൽനിന്ന് എത്തിയ കുട്ടികളുടേതായ സൃഷ്ടികൾക്ക് സ്കൂൾ അങ്കണം വേദിയായപ്പോൾ കാഴ്ചക്കാർക്ക് ഇത് കൗതുകമായി. കളിമണ്ണിലും തടിയിലും അലൂമിനിയത്തകിടുകളിലും ഇരുമ്പുകളിലും എല്ലാം ചേർത്തുള്ള വിവിധ ഉത്പന്നങ്ങൾ കുട്ടികളുടെ സൃഷ്ടികളായി.
ഉപേഷിക്കപ്പെട്ട കുപ്പികളിലെ ചിത്രപ്പണികളും വർണവിസ്മയം തീർത്തു. തച്ചുശാസ്ത്ര വിദ്യയിലെ കേമൻമാരായ ആൺപട മൽസരവേദിയുടെ ഒരു ഭാഗത്ത് പണി തീർത്ത കസേരകളും ബെഞ്ചും ചാരുകസേരകളും പല തരത്തിലുള്ള ഇരിപ്പിടങ്ങളുംഏറെആകർഷകമായിരുന്നു.
കവിയൂർ എൻഎസ്എസ് സ്കൂളിലെ അദ്വൈത് തുണിയിൽ തീർത്ത കസേരയും റാന്നി എസ് സിഎച്ച് എസിലെ വിവേക് പണിത പഴയകാല ചാരുകസേരയും ഏറെ ശ്രദ്ധേയമായി. തടിയിൽ ഏറെ പൂർണത നൽകിയുള്ള നിർമാണ രീതികളാണ് പലരും കാഴ്ചവച്ചത്.
ഒരു മണിക്കൂർ സമയമാണ് മൽസരാർഥികൾക്ക് നൽകിയിരുന്നത് . ഇവിടെ സ്കൂളിന്റെ ഒരു ഭാഗത്ത് മൽസരത്തിന് എത്തിയ പെൺകുട്ടികൾ വിവിധങ്ങളായ രുചിക്കൂട്ടുകൾ ഒരുക്കിയാണ് മൽസരത്തിൽ തങ്ങളുടെ കഴിവുകൾ പ്രകടമാക്കിയത്. നൂലുകൊണ്ട് നെയ്ത വലകളും അലങ്കാര വസ്തുക്കളും വളരെ വേഗത്തിൽ തയാറാക്കുന്നതും കാണാമായിരുന്നു.