പത്തനംതിട്ട @43 : സാധ്യതകള്‍ ഏറെ; പ്രതീക്ഷകള്‍ ബാക്കി
1465673
Friday, November 1, 2024 7:01 AM IST
പത്തനംതിട്ട: 1982 നവംബര്‍ ഒന്നിന് രൂപീകൃതമായ പത്തനംതിട്ട ജില്ലയുടെ 43-ാം പിറന്നാള്‍ ഇന്ന്. ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കും കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കും ഇടുക്കിയുടെ ഭാഗമായിരുന്ന ശബരിമലയും ചേര്‍ത്ത് പുതിയ ഒരു ജില്ല രൂപീകരിക്കുകയായിരുന്നു.
കേരളത്തിന്റെ ആത്മീയ തലസ്ഥാനമെന്ന വിശേഷണമുള്ള പത്തനംതിട്ടയുടെ പ്രധാന ആകര്‍ഷണീയവും തീര്‍ഥാടന കേന്ദ്രങ്ങളാണ്.
പ്രകൃതിരമണീയതയിലും സാംസ്കാരിക സമ്പന്നതയിലും ഈ നാട് സമ്പുഷ്ടമാണ്. മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനാകാത്ത ഒട്ടനവധി പ്രത്യേകതകള്‍ പത്തനംതിട്ടയ്ക്കുണ്ട്. 2642 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതിയെങ്കില്‍ ഇതില്‍ 1390.73 ചതുരശ്ര കിലോമീറ്ററും വനമേഖലയാണ്. കേരളത്തിലെതന്നെ ഏറ്റവും വലിയ വനം ഡിവിഷനായ റാന്നിയും കോന്നിയും പത്തനംതിട്ടയുടെ ഭാഗം.
അതിര്‍വരമ്പുകള്‍ മാറിക്കൊണ്ടേയിരിക്കും
പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയും താലൂക്കുകളുടെയും പഞ്ചായത്തുകളുടെയും വിഭജനങ്ങളും എല്ലാം ഇപ്പോഴും പൂര്‍ണതയില്‍ എത്തിയിട്ടില്ല. പല ഘട്ടങ്ങളിലും കീറിമുറിച്ച് ഇവ ശരിയാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാതികളും പരിഭവങ്ങളും ബാക്കിയാണ്.
ജില്ല രൂപീകരിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന തിരുവല്ല, പത്തനംതിട്ട താലൂക്കുകള്‍ വിഭജിച്ച് പുതിയ താലൂക്കുകള്‍ രൂപീകരിച്ചു.
പത്തനംതിട്ട താലൂക്കില്‍നിന്ന് റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍ 1983ല്‍ നിലവില്‍വന്നു. തിരുവല്ല താലൂക്ക് വിഭജിച്ച് മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചു. 2013ല്‍ കോഴഞ്ചേരി താലൂക്കില്‍നിന്നു കോന്നിയും പിറവിയെടുത്തു.
റാന്നി താലൂക്കില്‍നിന്ന് ചിറ്റാര്‍, സീതത്തോട് വില്ലേജുകളും അടൂരിലെ ഏനാദിമംഗലവും കൂടലും കോന്നിയുടെ ഭാഗമായി. കോന്നിയിലേക്കു ചേര്‍ത്ത മൈലപ്ര, വള്ളിക്കോട് വില്ലേജുകള്‍ കഴിഞ്ഞവര്‍ഷം തിരികെ കോഴഞ്ചേരിയുടെ ഭാഗമാക്കി.
പത്തനംതിട്ട കേന്ദ്രമാക്കിയാണ് നിലവില്‍ കോഴഞ്ചേരി താലൂക്ക്. എന്നാല്‍ കോഴഞ്ചേരി, പത്തനംതിട്ട എന്നിങ്ങനെ രണ്ട് താലൂക്കുകള്‍ ഉണ്ടാകണമെന്ന ആവശ്യം ജില്ലാ രൂപീകരണ ഘട്ടത്തിലേ ഉള്ളതാണ്. ഇതിപ്പോഴും നടന്നിട്ടില്ല. നിലവിലെ കോഴഞ്ചേരി താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ടയാണ്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഓരോ താലൂക്കുകളുടെ ആസ്ഥാനമാകേണ്ടവയാണ്. ഇതിനുള്ള നിർദേശം റവന്യുവകുപ്പ് മുന്‍പേ നല്‍കിയതാണ്. നിര്‍ദേശങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചതാണെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമെന്ന കാരണത്തില്‍ പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നില്ല. ജില്ലാ അതിര്‍ത്തിയായ പാടത്ത് സ്കൂളും ഗ്രൗണ്ടും രണ്ട് ജില്ലകളിലായാണ് സ്ഥിതിചെയ്യു ന്നത്.
രാഷ്ട്രീയസമ്മര്‍ദം പണ്ടേ പോയ്മറഞ്ഞു
രാഷ്ട്രീയസ്വാധീനത്തിലൂടെയാണ് പത്തനംതിട്ട ജില്ലയുടെ പിറവി. 1981ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയ്ക്ക് സ്വതന്ത്രനായ കെ.കെ. നായര്‍ നല്കിയ പിന്തുണയിലാണ് പത്തനംതിട്ടയുടെ പിറവി. കെ. കരുണാകരന് കെ.കെ. നായര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതു നിരസിക്കുകയും പകരം പത്തനംതിട്ട ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കെ.കെ. നായരുടെ ആവശ്യം അംഗീകരിച്ച് മിനി മാത്യു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 1982ല്‍ കരുണാകരന് വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയുടെ പ്രഖ്യാപനവുമായി. സ്വതന്ത്രനായിരുന്ന കെ.കെ. നായര്‍ അതുവഴി യുഡിഎഫിന്റെ ഭാഗവുമായി.
എന്നാല്‍ അന്നുണ്ടായിരുന്ന രാഷ്്ട്രീയ സ്വാധീനവും സമ്മര്‍ദവും പില്ക്കാലത്ത് പത്തനംതിട്ടയ്ക്കു നിലനിര്‍ത്താനായില്ല. അസംബ്ലി മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തിലൂടെ ഉണ്ടായ നഷ്ടം ഇപ്പോഴും പത്തനംതിട്ടയുടെ ദുഃഖമായി നിലനില്ക്കുന്നു. ജില്ലാ ആസ്ഥനമായ പത്തനംതിട്ടയുടെ പേരില്‍ ഒരു നിയമസഭാ മണ്ഡലമില്ല.
കേരളത്തില്‍ വയനാടും പത്തനംതിട്ടയും മാത്രമാണ് ഇത്തരത്തില്‍ സ്വന്തം എംഎല്‍എമാരില്ലാത്ത ആസ്ഥാനങ്ങള്‍. 2009ലെ മണ്ഡല പുനര്‍വിഭജനം പത്തനംതിട്ടയ്ക്കു നഷ്ടങ്ങള്‍ മാത്രമാണുണ്ടാക്കിയത്. ജനസംഖ്യാനുപാതികമായിട്ടാണ് വിഭജനം നടന്നതെന്നു പറയുന്പോള്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ജില്ലയ്ക്കു നഷ്ടമായി. പത്തനംതിട്ട, കല്ലൂപ്പാറ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ടയില്‍ ഭാഗികമായി ഉണ്ടായിരുന്ന പന്തളവും നഷ്ടമായി. ഇതിലൂടെ പദ്ധതി വിഹിതത്തില്‍ അടക്കം കുറവുണ്ടായി.
പത്തനംതിട്ടയുടെ പേരില്‍ സ്വന്തമായി ഒരു പാര്‍ലമെന്റ് മണ്ഡലം ഉണ്ടായി എന്നതു മാത്രമാണ് പുനര്‍വിഭജനത്തിലെ ഏക നേട്ടം. താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിക്ക് നിയമസഭാ മണ്ഡല പദവി നഷ്ടമായതോടെ വികസനരംഗത്തും പിന്നിലായി. റാന്നി, തിരുവല്ല എംഎല്‍എമാരുടെ പരിധിയിലാണ് താലൂക്ക് പ്രദേശങ്ങള്‍. താലൂക്കിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ആരുടെയും ശ്രദ്ധ ഉണ്ടാകുന്നതുമില്ല.
പുനര്‍വിഭജനം കാത്ത് തദ്ദേശ സ്ഥാപനങ്ങള്‍
റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചിറ്റാര്‍, സീതത്തോട് പ്രദേശങ്ങള്‍ കോന്നി നിയമസഭ മണ്ഡല പരിധിയിലും കോന്നി താലൂക്കിലുമാണ്. ചിറ്റാര്‍ കേന്ദ്രമാക്കി ഒരു വികസന ബ്ലോക്ക് എന്ന ആവശ്യവും നിലനില്ക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ പഞ്ചായത്തുകളും രണ്ട് നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലാണ്. മല്ലപ്പള്ളി താലൂക്കിലെ വ്യത്യസ്ത മണ്ഡലങ്ങളിലാണ്.
വിസ്തൃതമായ ആറന്മുള നിയമസഭ മണ്ഡലത്തില്‍ ബ്ലോക്കുകള്‍ കയറിയിറങ്ങിക്കിടക്കുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. ഇലന്തൂര്‍, കോയിപ്രം, പന്തളം ബ്ലോക്കുകള്‍ ആറന്മുളയുടെ പരിധിയിലുണ്ട്. പന്തളം കേന്ദ്രമാക്കി നഗരസഭ രൂപീകരിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഇപ്പോഴുമുണ്ട്. ഒരു ഡസനോളം ഗ്രാമപഞ്ചായത്തുകള്‍ വിഭജനം കാത്തുകിടക്കുകയാണ്. വിസ്തൃതമായ പഞ്ചായത്തുകളാണിവ. ജനസംഖ്യ കുറവെങ്കിലും പഞ്ചായത്തുകളുടെ വിസ്തൃതിയാണ് വിഷയം.
യുവത വിദേശത്തേക്ക്
വിദേശ രാജ്യങ്ങളിലേക്ക് ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന കുടിയേറ്റങ്ങളില്‍ പങ്കാളികളാകുന്നവരില്‍ ഏറെയും പത്തനംതിട്ടക്കാരാണ്. മലേഷ്യന്‍, സിംഗപ്പൂര്‍ കുടിയേറ്റം മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലുമുള്ള കുടിയേറ്റവുമെല്ലാം പത്തനംതിട്ടക്കാര് വേണ്ടുവോളം ആസ്വദിച്ചവരാണ്.
ഇതിലൂടെ കേരളത്തിന്റെ പ്രവാസി നിക്ഷേപത്തില്‍ നല്ലൊരു പങ്കും ഒരുകാലത്ത് പത്തനംതിട്ടയിലായിരുന്നു. ഇന്നിപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റുമായി ഏറ്റവുമധികം കുടിയേറ്റം നടക്കുന്ന ജില്ലയും പത്തനംതിട്ടയാണ്. വിദ്യാര്‍ഥികളും യുവാക്കളും പിന്നാലെ അവരുടെ കുടുംബങ്ങളുമൊക്കെയായി കുടിയേറ്റ സംസ്കാരം പുരോഗമിക്കുകയാണ്. ഒരുകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുത്തിരുന്നവരാണ് ജില്ലയുടെ സാന്പത്തികസ്ഥിതിയെ മെച്ചപ്പെടുത്തി നിര്‍ത്തിയിരുന്നതെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മാനവവിഭവശേഷി നഷ്ടമാക്കുകയാണ്. വയോധികരുടെ നാടായി പത്തനംതിട്ട മാറുമോയെന്ന ആശങ്ക ബാക്കി.
ജനസംഖ്യാ വളര്‍ച്ചയില്‍ മൈനസ് രേഖപ്പെടുത്തിയ നാടാണ് പത്തനംതിട്ട. കാര്‍ഷിക സംസ്കാരവും വ്യാവസായിക മേഖലയുമെല്ലാം തളര്‍ച്ചയുടെ വക്കിലാണ്. പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നത് ടൂറിസം, ഉന്നത വിദ്യാഭ്യാസം മേഖലകളിലാണ്. മെച്ചപ്പെട്ട റോഡുകളും റെയില്‍, വ്യോമ ഗതാഗതവും അടിയന്തര പ്രാധാന്യത്തോടെ വികസിച്ചെങ്കിലേ ഇനിയുളള കാലം പത്തനംതിട്ടയുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കൂ.