റിയാന്റെ കിണർക്കഥ പറഞ്ഞ് പ്രമാടം നേതാജി ശാസ്ത്ര നാടക ജേതാക്കൾ
1464896
Tuesday, October 29, 2024 7:47 AM IST
പത്തനംതിട്ട: റിയാൻ ഒരാളല്ല, ഒരു പാട് റിയാൻമാർ ഒന്നിച്ചപ്പോൾ ഉഗാണ്ടയിൽ ഒരായിരം കിണറുണ്ടായി. റവന്യു ജില്ലാ ശാസ്ത്രനാടക മത്സരത്തിൽ തുടർച്ചയായ 22-ാം തവണയും ഒന്നാം സ്ഥാനം നേടിയ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച 'റിയാൻ സ്റ്റാൻഡേർഡ് വൺ' എന്ന നാടകത്തിന്റെ അവസാന രംഗത്തിലെ സംഭാഷണമാണിത്.
ദേശവും രാഷ്ട്രീയവും മറന്ന് ജലം പങ്കുവയ്ക്കേണ്ടതാണെന്ന സന്ദേശമാണ് നാടകം മുന്നോട്ടുവയ്ക്കുന്ന പാരിസ്ഥിതിക നിലപാട്. കാനഡയിലെ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ഒരു അധ്യാപികയുടെ പ്രചോദനാത്മകമായ ക്ലാസുകേട്ട് ഉഗാണ്ടയിലെ പ്രൈമറി സ്കൂളിൽ കിണറുണ്ടാക്കിക്കൊടുത്ത റിയാൻ എന്ന കൊച്ചു കുട്ടിയുടെ ജീവിതകഥയാണ് പ്രമാടം നേതാജി നാടകാവിഷ്കാരമാക്കിയത്.
റിയാന്റെ തൂലികാസുഹൃത്തായ ജിമ്മിയുടെ കാഴ്ചപ്പാടിലൂടെയാണ് നാടകം അവതരിപ്പിക്കുന്നത്. പാവനാടകത്തിന്റെയും ഫിസിക്കൽ തിയേറ്ററിന്റെയും സാധ്യതകളെ കുട്ടികളുടെ നാടകവേദിയുമായി കൂട്ടിയിണക്കിയാണ് നാടകം തയാറാക്കിയത്.
പ്രമുഖ തിയറ്റർ ആർട്ടിസ്റ്റും അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ഏബൽ സാമുവേൽ മികച്ച നടനായും മികച്ച രചയിതാവും സംവിധായകനായും മനോജ് സുനിയെ തെരഞ്ഞെടുത്തു.
ദയ എലീനാ കോശി, അക്സാ അമൃതകുമാർ,സഫ്നാ എസ്, എയ്ഞ്ചൽ മറിയം സജി, എ. അദീൻ, എം. സിദ്ധാർത്ഥ് എന്നിവർ അഭിനേതാക്കളായി. ഏബൽ റെനി ശബ്ദ സംവിധാനം നിർവഹിച്ചു. നേതാജി സ്കൂളിലെ അധ്യാപകൻ കൂടിയാണ് മനോജ് സുനി. നവംബർ മൂന്നിന് തൃശൂർ റീജിയണൽ തിയറ്ററിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടകോൽസവത്തിൽ നാടകം അവതരിപ്പിക്കും.