അയിരൂര്‍ കഥകളിഗ്രാമത്തില്‍ കഥകളിക്കോപ്പ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ഇന്ന്
1464890
Tuesday, October 29, 2024 7:47 AM IST
അയിരൂർ: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിലുള്‍പ്പെടുത്തി അയിരൂര്‍ കഥകളി ഗ്രാമത്തില്‍ കഥകളിക്കോപ്പ് നിർമാണ പരിശീലന കേന്ദ്രം തുടങ്ങും. ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് പദ്ധതിയുടെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത്. കഥകളിക്കോപ്പ് നിർമാണ സ്വയം സഹായ സംഘം എന്ന പേരില്‍ 15 അംഗങ്ങളുള്ള ഒരു യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും.
ഒരടി മുതല്‍ ഒരാള്‍ പൊക്കം വരെയുള്ള കഥകളി ശില്പങ്ങളാണ് കലാകേന്ദ്രത്തില്‍ നിർമിക്കുന്നത്. കുമിള്ത്തടിയില് നിർമിക്കുന്ന കഥകളി ശില്പത്തില് കഥകളി വേഷങ്ങളുടെ ആടയാഭരണങ്ങള്‍ അണിയിച്ച് വില്പനയ്ക്കു സജ്ജമാക്കും. പച്ച, കത്തി, കരി, താടി തുടങ്ങിയ എല്ലാ വേഷങ്ങളും കലാകേന്ദ്രത്തില്‍ നിർമിക്കും.
കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ജില്ലാ കഥകളി ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ നിർവഹിക്കും. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് നായര്‍ അധ്യക്ഷത വഹിക്കും. ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടര്‍ പി.എസ്. പ്രിയദര്ശന് മുഖ്യാതിഥിയായിരിക്കും.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് വി. പ്രസാദ്, അയിരൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രദീപ് അയിരൂര്‍, കെ. ടി. സുബിന്, ജില്ലാ കഥകളി ക്ലബ് പ്രസിഡന്റ് പ്രസാദ് കൈലാത്ത്, പ്രോജക്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ യു. ഗോപകുമാര്‍, സംഘം പ്രസിഡന്റ് സ്മിത അജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. കഥകളി ശില്പി കരിക്കകം ത്രിവിക്രമന്‍ പരിശീലന പരിപാടിക്കു നേതൃത്വം കൊടുക്കും.
കഥകളി ശില്പങ്ങള് മൂന്നു മാസത്തിനകം വില്പനയ്ക്ക് സജ്ജമാക്കുമെന്ന് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ഡയറക്ടര്‍ ബോര്‍ഡംഗവും അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സനുമായ ശ്രീജ വിമല്‍ അറിയിച്ചു.