നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനകൾ; ഇന്നു വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച്
1459899
Wednesday, October 9, 2024 6:29 AM IST
ചിറ്റാർ: ചിറ്റാർ, സീതത്തോട് അതിർത്തി പ്രദേശങ്ങളിൽ രാപകൽ കാട്ടാനയുടെ ശല്യം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഇന്നു വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി എല്ലാ ദിവസവും ചിറ്റാർ - സീതത്തോട് പ്രധാന പാതയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ട്. വൈകുന്നേരം കാടിറങ്ങുന്ന രണ്ടു കൊന്പനാനകൾ കക്കാട്ടാറ് മറുകര കടന്ന് ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും പ്രവേശിക്കുകയാണ്. രാത്രിയിൽ ഇവിടെ തങ്ങി പിറ്റേന്ന് രാവിലെ റോഡ് കുറുകെ കടന്ന് തിരികെ പോകുന്ന രീതിയാണുള്ളത്.
നേരം പുലർന്നാലും ആന ജനവാസ മേഖലയിൽ പലപ്പോഴും തുടരുകയാണ്. രാത്രിയാത്രക്കാരടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന ചിറ്റാർ - സീതത്തോട് പാതയിൽ ഡെൽറ്റപ്പടിക്കു സമീപമാണ് ആനകളെ കഴിഞ്ഞ ദിവസങ്ങളിൽ റോഡിൽ കണ്ടത്.
റോഡിന്റെ ഇരുഭാഗത്തും വനപാലകർ രാത്രിയും രാവിലെയും ഇപ്പോൾ ഡ്യൂട്ടിയിലാണ്. ആനയെ കണ്ടാൽ വാഹനങ്ങൾ തടഞ്ഞിടും. ബസുകളും മറ്റു വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്.
ഗവിയിലേക്കുള്ള സഞ്ചാരികളുടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. ആനയെ സ്ഥിരമായി കാണുന്ന ഭാഗത്ത് സ്ഥാപിക്കാൻ വനംവകുപ്പ് ബോർഡ് തയാറാക്കിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പു കാരണം വയ്ക്കാനായില്ല.
ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ പത്തിന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നത്. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ ഉദ്ഘാടനം ചെയ്യും.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി വിഷയം അവതരിപ്പിക്കും. ജോണി കെ. ജോർജ് പ്രസംഗിക്കും.