സര്‍ക്കാരിന്റെ കുരിശു വിരോധം അവസാനിപ്പിക്കണം: കെസിസി
1600646
Saturday, October 18, 2025 3:39 AM IST
തിരുവല്ല: മണ്ണുമാന്തിയന്ത്രം കൊണ്ട് കുരിശുകള്‍ പൊളിച്ചുമാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടര്‍ക്കഥയാകുന്നതില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രതിഷേധിച്ചു. 1500 വര്‍ഷം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ചേപ്പാട് വലിയപള്ളിയുടെ കല്‍ക്കുരിശ് അതിക്രമിച്ചു കടന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകര്‍ത്ത നടപടി ക്രൈസ്തവ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാക്കുന്നു.
വികസനത്തിന് ക്രൈസ്തവ സമൂഹം എതിരല്ല. ഐഎസ്ആര്‍ഒയ്ക്ക് ഉള്‍പ്പെടെ നാടിന്റെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി നല്കിയ പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിനുള്ളത്. പൊളിക്കുന്നതിനു മുമ്പ് സഭയെ അറിയിച്ചിരുന്നുവെങ്കില്‍ സഭ മാറ്റി സ്ഥാപിക്കുമായിരുന്ന സാഹചര്യത്തില്‍ പുരോഹിതരെപ്പോലും ഉപദ്രവിച്ചുകൊണ്ട് അതിക്രമിച്ചു കയറി പുരാതനമായ കല്‍ക്കുരിശ് തകര്‍ത്ത സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം.
തൊമ്മന്കുരിശില് കത്തോലിക്കാ സഭയുടെ ഭൂമിയിലുണ്ടായിരുന്ന കുരിശ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു തകര്‍ത്ത സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തുടനീളം തുടരുന്നത് ജനാധിപത്യ മതേതര സര്‍ക്കാരിനു ഭൂഷണമല്ലെന്നും കെസിസി പ്രസിഡന്റെ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ അറിയിച്ചു.