മേൽശാന്തിമാരുടെ നറുക്കെടുപ്പ്: കുട്ടികൾ ശബരിമലയിലേക്ക് തിരിച്ചു
1600649
Saturday, October 18, 2025 3:39 AM IST
പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ ഇത്തവണത്തെ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്ന് കശ്യപ് വർമയും മൈഥിലി കെ. വർമയും സന്നിധാനത്തേക്ക് തിരിച്ചു.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഇന്നലെ ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുന്നിൽ നിന്ന് കുട്ടികൾ കെട്ടുനിറച്ചു. തുടർന്ന് വലിയകോയിക്കൽ ക്ഷേത്രദർശനത്തിന് ശേഷം ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടു. കൊട്ടാരം സംഘം പ്രതിനിധികളോടും രക്ഷിതാക്കളോടും ഒപ്പമാണ് സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്.
ഇന്നുരാവിലെ ശബരിമല സന്നിധാനത്ത് പുതിയ ശബരിമല മേൽശാന്തിയുടെ നറുക്ക് കശ്യപ് വർമയും മാളികപ്പുറത്തെ പുതിയ മേൽശാന്തിയുടെ നറുക്ക് മൈഥിലി കെ. വർമയും എടുക്കും.