കെപിസിസി വിശ്വാസ സംരക്ഷണ യാത്രകൾ ഇന്ന് പന്തളത്ത് സംഗമിക്കും
1600647
Saturday, October 18, 2025 3:39 AM IST
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും ആചാരലംഘനങ്ങൾക്കുമെതിരേ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രകൾ ഇന്നു പന്തളത്തു സമാപിക്കും.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖല യാത്രയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് തൃത്താലയില്‍ നിന്നും ആരംഭിച്ച യാത്രയും തിരുവനന്തപുരത്തു നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നേതൃത്വത്തിലുള്ള യാത്രയും ഇന്നലെ ചെങ്ങന്നൂരിൽ സംഗമിച്ചു.
മൂന്ന് യാത്രകളും ഇന്ന് ഉച്ചകഴിഞ്ഞ് കാരയ്ക്കാട്ടുനിന്നും സംയുക്തമായി പദയാത്രയായി പന്തളത്ത് സമാപിക്കും. പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽ വൈകുന്നേരം 4.30ന് ചേരുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല തുടങ്ങിയവരും യുഡിഎഫ് ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
പന്തളത്ത് ഗതാഗതനിയന്ത്രണം
പന്തളം: കോൺഗ്രസിന്റെ ശബരിമല വിശ്വാസ സംരക്ഷണ പദയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പന്തളത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അടൂർ ഭാഗത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുരമ്പാല ജംഗ്ഷനിൽ നിന്നും കീരുകുഴി, തുമ്പമൺ, അമ്പലക്കടവ് വഴി കുളനടയിൽ എത്തിച്ചേരണം.
ചെങ്ങന്നൂർ ഭാഗത്തുനിന്നും അടൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുളനട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അമ്പലക്കടവ്, ആനന്ദപ്പള്ളി വഴി അടൂരിലും എത്തി യാത്ര തുടരണം.