റബര്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സംഘടിത നീക്കമെന്ന്
1459395
Monday, October 7, 2024 3:24 AM IST
പത്തനംതിട്ട: റബര്‍ വ്യാപാരികള്‍ സംഘടിതമായി വിലയിടിച്ച് ചൂഷണം ചെയ്യുന്നുവെന്ന് റബര്‍ കര്‍ഷക സംഘടനകള്‍.
കഠിനമായ ചൂടും മഴയും മൂലം ഈ സീസണില്‍ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് ആരംഭിച്ചത് ഏഴു മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റിലാണ്. അന്തര്‍ദേശീയ വിപണിയില്‍ റബര്‍ വില 256 രൂപയാണ്. ഇറക്കുമതി ചുങ്കം കിലോഗ്രാമിന് 30 രൂപയാണ്. ഇറക്കുമതിച്ചെലവ് കിലോഗ്രാമിന് 20 രൂപയിലുമെത്തി. ഒരു കിലോ റബര്‍ ഇറക്കുമതി ചെയ്യുന്നതിന് 306രൂപ ടയര്‍ കമ്പനി മുടക്കേണ്ടതായിവരും.
കേരളത്തില്‍ ടയര്‍ കമ്പനികള്‍ വലിയ കച്ചവടക്കാരില്‍നിന്ന് 280 രൂപയ്ക്കാണ് റബര്‍ഷീറ്റ് വാങ്ങുന്നത്. എന്നാല്‍ ചെറുകിട വ്യാപാരികള്‍ സംഘടിതമായി റബര്‍ ഷീറ്റ് വില ദിനംതോറും കുറച്ച് കര്‍ഷകനെ ചൂഷണം ചെയ്യുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഉത്തേജക പാക്കേജ് വില കിലോഗ്രാമിന് 300 രൂപ നിശ്ചയിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി അഭിപ്രായപ്പെട്ടു. 2030 വരെ റബറിന് മൂന്ന് മുതല്‍ അഞ്ച് ഡോളര്‍ വരെ വിലയുണ്ടാകും.
ഇന്ത്യയില്‍ റബര്‍ ലാറ്റക്സ് ഉപയോഗം ഒരുലക്ഷം ടണ്‍ മാത്രമാണ് എന്നാല്‍ കൂടുതല്‍ ആളുകള്‍ ലാറ്റക്സായി നല്കുന്നതിനാല് ഈ വിലപോലും കര്ഷകന് ലഭിക്കാതെ വലിയ ചൂഷണം അവരിലും നടക്കുകയാണ്.
റബര്‍ ഷീറ്റ് സംഭരിച്ച് കയറ്റുമതി ചെയ്യാന്‍ ആര്‍പിഎസ് കമ്പനികള്‍ തയാറാകണമെന്നും ഉത്തേജക പാക്കേജ് വില 300 രൂപ നിശ്ചയിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ഈ വര്‍ഷം കര്‍ഷകര്‍ക്ക് 50 ടാപ്പിംഗ് ദിനം പോലും ലഭിക്കുകയില്ല.
ഈ അവസ്ഥയില്‍ റബര്‍ ഉത്പാദനം കൂടുകയില്ല. റബറിന് വില വര്‍ധിച്ചപ്പോള്‍ അത് ലഭിക്കാതെ പോകുന്ന അവസ്ഥയില്‍ ചെറുകിട റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചില്ലെങ്കില്‍ വീണ്ടും ധാരാളം വിദേശനാണ്യം നഷ്ടമാകുമെന്ന് എന്‍എഫ്ആര്‍പിഎസ് മുന്‍ പ്രസിഡന്റുകൂടിയായ സുരേഷ് കോശി പറഞ്ഞു.