രാജ്യചരിത്രത്തിലെ സുദീർഘമായ തെരച്ചിൽ: ശ്രീധരൻപിള്ള
1458724
Friday, October 4, 2024 2:28 AM IST
ഇലന്തൂർ: രാജ്യ ചരിത്രത്തിലെ ഏറ്റവും ദീർഘമായി തെരച്ചിലിനിടയിലാണ് തോമസ് ചെറിയാന്റെ മൃതദേഹം സൈന്യം കണ്ടെടുത്തതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. 56 വർഷം മുന്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന് ആദരാഞ്ജലി അർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടി നിർദേശപ്രകാരമാണ് താൻ തോമസ് ചെറിയാന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിക്കുന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. രാജ്യത്തിന്റെ ആദരം തോമസ് ചെറിയാന് അർപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കുവേണ്ടി റീത്ത് സമർപ്പിച്ചു.
1968ൽ നടന്ന വിമാനാപകടത്തെത്തുടർന്ന് കാണാതായവർക്കുവേണ്ടി അന്നത്തെ സർക്കാർ ആത്മാർഥമായ തെരച്ചിൽ നടത്തി. പിന്നീട് നിറുത്തിവച്ചു. വാജ്പേയി സർക്കാർ മരിച്ച സൈനികരുടെ മൃതശരീരം കണ്ടെത്തി ബന്ധുക്കൾക്കു കൈമാറാൻ തെരച്ചിൽ തുടരണമെന്ന് നിർദേശിക്കുകയായിരുന്നു. മോദി സർക്കാർ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
തോമസ് ചെറിയാനൊപ്പം ലഭിച്ച മൃതദേഹങ്ങളിലൊന്ന് കോഴഞ്ചേരി വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ.എം. തോമസിന്റേതാണെന്നു സംശയിക്കുന്നുണ്ടെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. തിരിച്ചറിയാൻ ശ്രമം നടത്തുന്നു. നെയിംബാഡ്ജിലെ പേരും പോക്കറ്റിൽ നിന്ന് ലഭിച്ച ബുക്കുമാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. എന്നാൽ ഇത്തരത്തിൽ യാതൊന്നും നാലാമത്തെ മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടതിൽ, സഭാ സെക്രട്ടറി ബിജു ഉമ്മൻ, കാരൂർ ഇടവക വികാരി ഫാ. ലിനു എം. ബാബു, ഫാ. എബി ടി.ശാമുവേൽ, ഫാ. ബിജു തോമസ്, ബിജെപി ദേശീയ സമിതിയംഗം വിക്ടർ ടി. തോമസ്, സംസ്ഥാന സമിതിയംഗം ടി.ആർ.അജിത്കുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ തുടങ്ങിയവർ ശ്രീധരൻപിള്ളയ്ക്കൊപ്പം സന്നിഹിതരായിരുന്നു.
തോമസ് ചെറിയാന് ഇന്ന് ഇലന്തൂരിന്റെ അന്ത്യാഞ്ജലി
പത്തനംതിട്ട: അന്പത്താറു വർഷം മുന്പ് ഹിമാചലിലെ മഞ്ഞുമലയിൽ വിമാനാപകടത്തിൽ മരിച്ച നാട്ടുകാരന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇലന്തൂർ ഗ്രാമം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടുകയും മഹാത്മാഗാന്ധിയുടെ സന്ദർശനം കൊണ്ടു ശ്രദ്ധേയമാകുകയും ചെയ്ത ഇലന്തൂരിന്റെ ചരിത്രത്തിലേക്ക് ഭാരതസൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിട്ടാണ് സൈനികൻ തോമസ് ചെറിയാന്റെ ഭൗതികശരീരം ഇന്ന് എത്തുന്നത്.
അഞ്ചര പതിറ്റാണ്ടിനിടെ തലമുറകൾ മാറിവന്നെങ്കിലും ഇലന്തൂർ ഒടാലിൽ വീട്ടിലേക്ക് എത്തുന്ന ഭൗതികശരീരത്തിന് ആദരം നൽകുന്നതിലേക്ക് നാടൊന്നായി തയാറെടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നലെ എത്തിച്ച ഭൗതികശരീരം അടങ്ങിയ പേടകം ഇന്നു രാവിലെ 10.30 ഓടെ ഇലന്തൂരിലെത്തും.
കരസേനാ ഉദ്യോഗസ്ഥരാണ് ഭൗതികശരീരത്തെ അനുഗമിക്കുന്നത്. ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഒടാലിൽ ഷൈജു കെ. മാത്യുവിന്റെ ഭവനത്തിലേക്ക് വിലാപയാത്ര ക്രമീകരിച്ചിട്ടുണ്ട്.
തോമസ് ചെറിയാന്റെ സഹോദരനും മുൻ സൈനികനുമായ തോമസ് മാത്യുവിന്റെ മകനാണ് ഷൈജു കെ. മാത്യു. ഭവനത്തിൽ 12.30 വരെ പൊതുദർശന സൗകര്യമുണ്ടാകും. ഇതോടൊപ്പം സംസ്കാര ശുശ്രൂഷകളും നടക്കും.
12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമത്തിന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. 12.40 ന് ഭവനത്തിൽ നിന്ന് സംസ്കാരം നടക്കുന്ന കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.
ഒന്നിന് കാരൂർ പള്ളിയിൽ ഭൗതികശരീരം എത്തിക്കും. രണ്ടുവരെ അന്തിമോപചാരം അർപ്പിക്കാനും അനുശോചനങ്ങൾക്കും സമയം ക്രമീകരിക്കും.
രണ്ടിനു പള്ളിയിൽ സമാപന ശുശ്രൂഷ തുന്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കും. ശുശ്രൂഷകളേ തുടർന്ന് സൈന്യം ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് പള്ളിയിലെ സെമിത്തേരിയിൽ തയാറാക്കിയ കല്ലറയിൽ സംസ്കാരം നടക്കും.
പാർക്കിംഗ് ക്രമീകരണം
ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ സൈനികൻ തോമസ് ചെറിയാന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ കാരൂർ സ്കൂളിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മെത്രാപ്പോലീത്തമാർ, മന്ത്രിമാർ, സർക്കാർ പ്രതിനിധികൾ, ജില്ലാ ഭരണകൂടം, മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രം പള്ളി പരിസരത്ത് പാർക്ക് ചെയ്യാം.
പള്ളിക്കുള്ളിൽ വിശിഷ്ടാതിഥികൾക്കും കുടുംബാംഗങ്ങൾക്കും വൈദികർക്കും മാത്രമേ നിൽക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് പള്ളി ഓഡിറ്റോറിയത്തിലും പന്തലിലും ശുശ്രൂഷ കാണുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. ലിനു എം. ബാബു അറിയിച്ചു.