മല്ലപ്പുഴശേരിയില്‍ പുതിയ ആയുര്‍വേദ ആശുപത്രി ഉടൻ: മന്ത്രി വീണ
1599293
Monday, October 13, 2025 4:00 AM IST
പത്തനംതിട്ട: മല്ലപ്പുഴശേരിയില്‍ പുതിയ ആയുര്‍വേദ ആശുപത്രി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഗ്രാമപഞ്ചായത്ത് വികസന സദസിന്റെ ഉദ്ഘടനം പുന്നയ്ക്കാട് വയല്‍വാരം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപ ചെലവിൽ മല്ലപ്പുഴശേരിയില്‍ നിര്‍മിക്കുന്ന ആശുപത്രിക്ക് ജലസേചന വകുപ്പിന്റെ സ്ഥലം ലഭ്യമാക്കി ഡിപിആര്‍ പൂര്‍ത്തിയാക്കി.
മല്ലപ്പുഴശേരി നെല്ലിക്കാല സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 75 ലക്ഷം എംഎല്‍എ ഫണ്ട് അനുവദിച്ചു. ആതുര ശുശ്രൂഷ ആവശ്യമുള്ളവർക്ക് കുടുംബശ്രീ പ്രവർത്തകർ വീട്ടിലെത്തി കുറഞ്ഞ ചെലവിൽ സേവനം നൽകുന്ന പദ്ധതിക്കും തദ്ദേശ വകുപ്പുമായി ചേർന്ന് തുടക്കമാകുകയാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്ക്പരിശീലനം നൽകും.
സുസ്ഥിര വികസനത്തിലൂടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ് സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തി.റിസോഴ്സ് പേഴ്സണ്രേണു വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു.
പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച് സെക്രട്ടറി ആര്. സുമാഭായി അമ്മ അവതരണം നടത്തി.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി. നായര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. പ്രദീപ്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.