വിഷന്‍ 2031: ആരോഗ്യ സെമിനാര്‍ നാളെ
1599295
Monday, October 13, 2025 4:00 AM IST
പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിഷന്‍ 2031- ദശാബ്ദത്തിന്റെ നേട്ടങ്ങള്‍ - ഭാവി കാഴ്ച്ചപ്പാടുകള്‍ എന്ന പേരില്‍ ആരോഗ്യ സെമിനാര്‍ നാളെ തിരുവല്ല ബിലീവേഴ്സ് കണ്വന്ഷന് സെന്ററില്‍ നടക്കും. ജീവിതശൈലി രോഗങ്ങൾ, മെഡിക്കല്‍ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ചപ്പാടുകളും സാംക്രമിക രോഗങ്ങള്‍ - ഏകാരോഗ്യ പദ്ധതി, ട്രോമകെയർ,
അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് സമാന്തര സെഷനുകളിലെ ചര്‍ച്ചാ വിഷയങ്ങൾ. അതാതു മേഖലയിലെ വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രാവിലെ 9.30ന് ആരോഗ്യ സെമിനാര്‍ ആരംഭിക്കും. ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ അവതരിപ്പിക്കും. കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031 നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും.
കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031-ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപാട് സംബന്ധിച്ച ആശയ രൂപീകരണത്തിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ 33 വിഷയങ്ങളിലായി എല്ലാ ജില്ലകളിലും വിഷന്‍ 2031ന്റെ ഭാഗമായി സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.