അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിംഗ് ഇന്നുമുതൽ
1599292
Monday, October 13, 2025 4:00 AM IST
അടൂർ: നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിംഗ് ഇന്നുമുതൽ ആരംഭിക്കും. ഇതിനുള്ള നടപടികൾ എല്ലാം പൂർത്തിയായി. പാർക്കിംഗ് ഒരുക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള അടയാളപ്പെടുത്തലുകൾ കഴിഞ്ഞു.
അടൂർ പാർഥസാരഥി ക്ഷേത്രത്തിന് എതിർവശം മുതൽ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ പ്രധാന കവാടം, കെഎസ്ആർടിസി സ്റ്റാൻഡിനോടു ചേർന്ന് പാർഥസാരഥി ക്ഷേത്ര ഭാഗത്തേക്ക് വരുന്നിടത്ത് ഇടതു വശം എന്നിവിടങ്ങളിലാണ് പാർക്കിംഗ്.
ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് . ക്ഷേത്രത്തിന് എതിർവശം കാറുകൾക്ക് പാർക്കിംഗ് ഉണ്ടാകും.
ടൗൺ ഹാൾ ഭാഗത്തും പാർക്കിംഗ്
പഴയ അടൂർ ടൗൺ ഹാൾ നിന്ന ഭാഗം താത്കാലികമായി ഫീസ് ഈടാക്കിയുള്ള പാർക്കിംഗ് തുടങ്ങാൻ നഗരസഭ തീരുമാനിച്ചു. പുതിയ ടൗൺ ഹാൾ നിർമാണം തുടങ്ങുന്നതുവരെയാണ് പാർക്കിംഗ്.
ടൗൺഹാൾ നിന്ന സ്ഥലം ഇപ്പോൾ ഉപയോഗശൂന്യമായിക്കിടക്കുന്നതിനാൽ നഗരത്തിലെ ഗതാഗത തടസം ഒഴിവാക്കുന്നതിലേക്ക് യൂസർ ഫീ ഈടാക്കി എപ്പോൾ ആവശ്യമാണോ ആ സമയം തിരികെ എടുക്കത്തക്ക രീതിയിൽ വാഹന പാർക്കിംഗിനു നൽകണമെന്ന് നഗരസഭയോട് അടൂർ താലൂക്ക് വികസന സമിതി യോഗവും നിർദ്ദേശിച്ചിരുന്നു.
പിരിവ് നടത്തുന്നത് കുടുംബശ്രീ
നഗരസഭയിലെ നാല് കുടുംബശ്രീ അംഗങ്ങളെയാണ് പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയാണ് ഇവരുടെ ജോലി സമയം.
പാർക്കിംഗ് ഫീസ് ഇങ്ങനെ: ഒരു മണിക്കൂർ വരെ - നാലു ചക്രവാഹനങ്ങൾ: 10 രൂപ, ഇരുചക്രവാഹനങ്ങൾ: 5രൂപ, നിശ്ചയിച്ച സമയത്തിന് മുകളിൽ പോയാൽ അധികത്തിൽ തുക ഈടാക്കും.