ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ ടാറിംഗ് ജോലികൾ ആരംഭിക്കുന്നു
1599541
Tuesday, October 14, 2025 2:24 AM IST
റാന്നി: ഇട്ടിയപ്പാറ - ബംഗ്ലാകടവ് റോഡിൽ ടാറിംഗ് ജോലികൾ ആരംഭിക്കുന്നു. പഴയ ടാറിംഗ് ഇളക്കിമാറ്റി മെറ്റൽ ഇട്ട് ഉറപ്പിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. റോഡിന്റെ ഉപരിതലം മെറ്റൽ ഇട്ട് ഉറപ്പിച്ച് ലെവൽസ് എടുത്തതിനുശേഷമാകും ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടക്കുക.
റോഡിന്റെ ടാറിംഗ് വീതി 5.5 മീറ്ററായി വർധിപ്പിച്ച് റോഡിന് ഇരുവശവും വീതി കൂട്ടുമ്പോൾ തടസമായി നിന്നിരുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. റോഡരികിലൂടെ പൈപ്പിടുന്ന പ്രവൃത്തികളും ജലഅഥോറിറ്റി പൂർത്തീകരിച്ചു. 7.700 കിലോമീറ്റർ ദൂരം വരുന്ന റോഡ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുനനതിനായി പത്തുകോടി രൂപയാണ് ബജറ്റിൽ നിന്നും ഫണ്ട് അനുവദിച്ചത്.
16 കലുങ്കുകളുടെ നിർമാണം പൂർത്തീകരിച്ചു. റോഡിൻറെ സംരക്ഷണഭിത്തി കെട്ടൽ, ഓട നിർമാണം, ഐറീഷ് ഡ്രെയിൻ, ഇൻറർലോക്ക്, അപകട സൂചനാ ബോർഡുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡിലെ പൈപ്പുകൾ ഇടുന്നതിനും കെഎസ്ഇബി ലൈനുകൾ മാറ്റുന്നതിനും എടുത്ത കാലതാമസമാണ് നിർമാണം വൈകാനിടയാക്കിയത്. മൂന്ന് റീച്ചുകളായാണ് റോഡിൻറെ ടാറിംഗ് ആരംഭിക്കുക. വടശേരിക്കര മുതൽ കിടങ്ങമൂഴി വരെയുള്ള ഭാഗത്തെ ടാറിംഗാണ് ആദ്യം നടക്കുക.
രണ്ടാംഘട്ടത്തിൽ ഇട്ടിയപ്പാറ മുതൽ ഒഴുവൻ പാറ വരെയും മൂന്നാംഘട്ടത്തിൽ ഒഴുവൻപാറ മുതൽ കിടങ്ങാമ്മൂഴി വരെയും ടാർ ചെയ്യും. മൂന്നുമാസത്തിനകം റോഡിന്റെ നിർമാണം പൂർത്തീകരിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.