ലഹരി മാഫിയ ബന്ധം: ഡാന്‍സാഫ് ടീമംഗമായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
1599548
Tuesday, October 14, 2025 2:24 AM IST
റാന്നി: ലഹരി മാഫിയയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഓഫീസറെ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. റാന്നി സബ്ഡിവിഷനില്‍ ഡാന്‍സാഫ് ടീമംഗമായി പ്രവര്‍ത്തിച്ചിരുന്ന റാന്നി സ്റ്റേഷനിലെ പോലീസുകാരന് പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സസ്പെന്‍ഡ് ചെയ്തത്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. മുബാറക്കിന് ലഹരി മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയത് ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമാണ്. ഇതിന്റെ മേല്‍നോട്ട ചുമതല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി മുബാറക്കിനെ സബ്ഡിവിഷന് ഡാന്‍സാഫ് ടീമില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിനേ തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസുകാരന്റെ മാഫിയാ ബന്ധം പുറത്തുവന്നത്.
മുബാറക്കിന്റെ ലഹരി മാഫിയ ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി വിവാഹ പാര്‍ട്ടിക്ക് വേണ്ടി എംഡിഎംഎ ആവശ്യപ്പെടുന്നതിന്റെ തെളിവുകളും ലഭിച്ചുവെന്നാണ് സൂചന.
ഡാന്‍സാഫ് ടീം അഗം എന്ന നിലയ്ക്കാണ് മുബാറക് ലഹരി സംഘങ്ങളുമായി അടുപ്പം സ്ഥാപിച്ചത്. വിവരശേഖരണത്തിനായി സ്ഥാപിച്ചിരുന്ന ബന്ധം മുബാറക്ക് ദുർവിനിയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോള്‍ ലഹരി മാഫിയ ബന്ധത്തിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. ഇയാള്‍ക്കെതിരേ കര്‍ശനമായ തുടര്‍ നടപടിയുണ്ടായേക്കും.