ജോലി വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച യുവാക്കൾ കുടുങ്ങിയതായി പരാതി
1599554
Tuesday, October 14, 2025 2:24 AM IST
പത്തനംതിട്ട: ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. ദുബായിൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്.
ചെന്നീർക്കര ചിറക്കേരോട്ട് ബിന്ദുകുമാറിന്റെ മകൻ വിപിൻകുമാർ, ചെന്നീർക്കര കല്ലുങ്കൽ റാണിയുടെ മകൻ മനീഷ്, ഓച്ചിറ ആലുംപീടിക കോയിക്കത്തറ കിഴക്കേതിൽ സാജി ലക്ഷമിയുടെ മകൻ ആദിത് വിജയ് എന്നിവരാണ് തട്ടിപ്പിന് ഇരയായത്.
ഇവർ ദുബായിൽ എത്തിയശേഷം ജോലി ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാതെ ഇപ്പോൾ കുടുങ്ങിക്കിടക്കുകയാണ്. ദുബായിൽ ഡെലിവറി ബോയി ആയി ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തിരുവനന്തപുരം കടുവാപ്പള്ളി കല്ലമ്പലം സ്വദേശിയായ മുഹമ്മദ് യാസർ എന്നയാൾ 1,30,000 രൂപ വീതം ബിന്ദുകുമാർ, റാണി എന്നിവരിൽനിന്നും 1,20,000 രൂപ സാജി ലക്ഷമിയുടെ പക്കൽനിന്നും വാങ്ങുകയുണ്ടായി .
ബിന്ദുവിന്റെ വീടിന് അടുത്തുള്ള ചെന്നീർക്കര ചരിവുകാലായിൽ സ്മിതയാണ് ഏജന്റായിനിന്ന് പണം വാങ്ങി മുഹമ്മദ് യാസറിന് നൽകിയത്. എന്നാൽ വിസിറ്റിംഗ് വീസയിൽദുബായിൽ എത്തിച്ച ശേഷം ജോലി തരപ്പെടുത്തിക്കൊടുക്കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. സ്മിതയുടെ ഫോൺ ഗൂഗിൾപേ നമ്പരിലേക്കാണ് മൂവരും പണം അയച്ചുനൽകിയത് .
മേയ് 15ന് വിവിൻകുമാറിനെയും ആദിത്യയേയും ദുബായിലേക്ക് കൊണ്ടുപോയി. മനീഷ് ജൂൺ 18നും പോയി. മനീഷ് ദയറാ എന്ന സ്ഥലത്തും വിവിൻകുമാറും ആദിത്യയും അജ്മാൻ എന്ന സ്ഥലത്തുമാണ്. ഇതുവരെയും ആർക്കും ജോലി ആയിട്ടില്ല. ജോലിയുടെ കാര്യം സ്മിതയോടു ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. ഇവരും ഇപ്പോൾ ഒളിവിലാണ് . യാസറിനെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല.
മൂന്നു യുവാക്കളും അവിടെ വാടകമുറിയിൽ കഴിയുകയാണ്. ഭക്ഷണംപോലുമില്ലാതെ വിഷമിക്കുകയാണ് അവർ. മൂന്നു പേരുടെയും വീസയും മുഹമ്മദ് യാസറിന്റെ കസ്റ്റഡിയിലാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി. വീസ കാലാവധിയും കഴിഞ്ഞു . ഇതോടെ മൂന്നുപേർക്കും പുറത്തിറങ്ങാനും കഴിയുന്നില്ല.
രണ്ടു ലക്ഷം രൂപ വീതം നൽകിയാൽ നാട്ടിൽവിടാമെന്നാണ് മുഹമ്മദ് യാസർ ഇപ്പോൾപറയുന്നത്. കൂടാതെ ഇയാളുടെ ഭീഷണിയുമുണ്ട്. മക്കളെ എത്രയുംവേഗം നാട്ടിൽ എത്തിക്കുന്നതിനും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുമായി ജില്ലാ പോലീസ് മേധാവി, ഇലവുംതിട്ട പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബിന്ദുകുമാർ, റാണി, സാജി ലക്ഷ്മി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. നോർക്ക അധികൃതർക്കും ആന്റോ ആന്റണി എംപിക്കും ഇവർ പരാതി നൽകിയിരുന്നു.