അടൂര്‍ ഹോമിയോ കോംപ്ലക്സിന് 7.5 കോടിയുടെ ഭരണാനുമതി
1458188
Wednesday, October 2, 2024 3:18 AM IST
അടൂർ: അടൂര്‍ ഹോമിയോ കോംപ്ലക്സിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കേരള ആയുഷ് മിഷന്റെയും കേന്ദ്ര ആരോഗ്യവകുപ്പിന്റെയും കൂടിയുള്ള ഒരു വിഹിത പദ്ധതി എന്ന നിലയിലാണ് 2022-23 വര്‍ഷത്തെ ആയുഷ് വകുപ്പിന്റെ സംസ്ഥാനതല വാര്‍ഷിക ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസ് അടൂരിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ജില്ലാ ആശുപത്രി മല്ലപ്പള്ളി താലൂക്കിലെ കൊറ്റനാട്ടാണ്.
ജലവിഭവ വകുപ്പ് കല്ലട പദ്ധതിക്ക് ഉപയോഗ യോഗ്യമാക്കുന്നതിലേക്ക് ഏറത്ത് പഞ്ചായത്തിൽ എറ്റെടുത്ത അധിക ഭൂമിയില്‍നിന്നുമാണ് 30 സെന്റ് സ്ഥലം ഈ പദ്ധതിക്ക് ആയുഷ് വകുപ്പിന് വകുപ്പുതല ഭൂമികൈമാറ്റ നടപടിയിലൂടെ ലഭ്യമായത്. സംസ്ഥാന ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദേശമായി ഉള്‍പ്പെടുത്തിയെങ്കിലും ഭൂമി കൈമാറ്റ നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടു.
ആയുഷ്മിഷൻ ഫണ്ടിംഗ്
ആയുഷ് വകുപ്പിന്റെ നാഷണല്‍ ആയുഷ് മിഷന് ഫണ്ടിംഗ് സാധ്യത ഉപയോഗപ്പെടുത്തിയാണ് നിർമാണം ഏറ്റെടുക്കുന്നത്. നിലവിലുള്ള പദ്ധതി കെട്ടിടത്തിന് മൂന്നു നിലകളിലുമായി 2367.55 ചതുരശ്ര മീറ്റര്‍ വിസ്തീർണമാണുള്ളത്. ഗ്രൗണ്ട് ഫ്ളോറില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ്, യോഗ, നാച്ചുറോപ്പതി വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്രമീകരണം,
ആര്‍എംഒയുടെ ഓഫീസ് എന്നിവയും ഒന്നാം നില ഫാര്‍മസി, സ്കാനിംഗ് ലാബ് എന്നിവയ്ക്കായും രണ്ടാം നിലയില്‍ നഴ്സിംഗ് സ്റ്റേഷന്, പേവാര്‍ഡ്, സാധാരണ വാര്‍ഡുകള്‍, ഡൈനിംഗ് ഏരിയ എന്നിവയ്ക്കുമാണ് നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
പത്തനംതിട്ട ജില്ലയില്‍ 10 കിടക്കകളുള്ള ഒരേ ഒരു ആശുപത്രി മാത്രമാണ് ആയുഷിന് ഹോമിയോ വിഭാഗത്തില്‍ നിലവിലുള്ളത്. അതാകട്ടെ രോഗികള്‍ക്ക് എത്തിച്ചേരാന്‍ മതിയായ ഗതാഗത സൗകര്യം ഇല്ലാത്ത ഉള്‍പ്രദേശമായ മല്ലപ്പള്ളി കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുമാണ്.
ചിതറിപ്പോയ സംവിധാനങ്ങൾ ഏകോപിപ്പിക്കും
ജില്ലാ ഹോമിയോ ആശുപത്രിയിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ ഇതോടൊപ്പം പ്രവര്‍ത്തിക്കേണ്ട വകുപ്പിന്റെ വിവിധ ഹോമിയോ പദ്ധതികളായ സീതാലയം, സദ്ഗമയ, ജനനി എന്നിവയുമായി ബന്ധപ്പെട്ട കാര്യാലയങ്ങള്‍ ചില ഹോമിയോ ഡിസ്പെന്സറികളോടു ചേര്‍ന്നാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഈ പദ്ധതി കാര്യാലയങ്ങള്‍ അടക്കം വിവിധങ്ങളായ ഹോമിയോ വകുപ്പുതല പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു കൂടി സ്ഥലസൗകര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അടൂരിലെ ഹോമിയോ കോംപ്ലക്സ് നിർമാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നു ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നിർമാണ പ്രവൃത്തിയുടെ പ്രാഥമിക പദ്ധതി രേഖ തയാറാക്കുന്നതു മുതൽ നാളിതുവരെ ഭരണാനുമതി ലഭ്യമായ ഇതുവരെയുള്ള ഫയല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും മറ്റും പത്തനംതിട്ട ജില്ലാ ഹോമിയോ ഡിഎംഒ എന്ന നിലയില്‍ ഡോക്ടര്‍ ബിജുവിന്റെ മാതൃകാപരമായ ഔദ്യോഗിക കൃത്യനിര്‍വഹണം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.
പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കി ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍തന്നെ ആരോഗ്യമേഖലയിലുള്ള അടൂരിന്റെ ഈ അഭിമാന പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.