മഴയും കാട്ടുപന്നിയും കൊണ്ടുപോയി; കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ
1453417
Sunday, September 15, 2024 3:22 AM IST
പത്തനംതിട്ട: നഷ്ടമാകുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാൻ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി തദ്ദേശവകുപ്പ് തുടക്കമിട്ട കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ.
തുടർച്ചയായ മഴയും കാട്ടുപന്നി ശല്യവും പ്രതിസന്ധികൾക്കു കാരണമാകുകയായിരുന്നു.
ഓണത്തിന് വിളവെടുപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെങ്കിലും കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വിളകൾ ഏറെയും നശിച്ചു. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചത് കിഴങ്ങുവർഗ കർഷകരെയാണ്.
കിഴങ്ങ് വർഗങ്ങൾ കൃഷിയിറക്കിയതു മുതൽ കാട്ടുപന്നിയുടെ ശല്യം കൃഷിയിടങ്ങൾക്കു നേരേയുണ്ടായി. ഇവയെ വെല്ലുവിളിച്ച് വിളവെടുപ്പിനു പാകമായപ്പോഴേക്കും മഴയും ചതിക്കുകയായിരുന്നു.
ഓണവിപണി ലക്ഷ്യമിട്ട് കഴിഞ്ഞ മാർച്ചിലാണ് കിഴങ്ങുഗ്രാമം പദ്ധതി നടപ്പാക്കിയത്. ചേന, ശീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയുടെ വിത്തുകൾ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയായിരുന്നു തുടക്കം.
വാർഡുസഭകളിൽ അപേക്ഷ നൽകിയവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആദ്യഘട്ടം വിത്തുകൾ നൽകിയെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ കൂടുതൽ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു.
നഷ്ടപ്രതാപം വീണ്ടെടുക്കാൻ
ഒരുകാലത്ത് കിഴങ്ങുവർഗവിളകളുടെ ഉത്പാദനത്തിലും വിതരണത്തിലും മുൻപന്തിയിലായിരുന്നു മലയോര ജില്ലയായ പത്തനംതിട്ട. കർഷകർ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും പറക്കോട് ചന്തയിലുമൊക്കെ വില്പന നടത്തിയിരുന്നു. എന്നാൽ കാലക്രമേണ ഉത്പാദനം കുറയുകയും കർഷകർ ലാഭകരമായ മറ്റു കൃഷികളിലേക്ക് മാറുകയും ചെയ്തു.
കാട്ടുപന്നികളുടെ കടന്നുകയറ്റമാണ് കർഷകരെ കിഴങ്ങുവർഗ കൃഷിയിൽനിന്ന് പ്രധാനമായും പിന്തിരിപ്പിച്ചത്. കാർഷിക വിളകളുടെ വില വർധനയും നാടൻ ഉത്പന്നങ്ങളുടെ കുറവുമാണ് വീണ്ടും കിഴങ്ങുഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത്.