പള്ളിയോടങ്ങളുടെ നാടുണർന്നു; ഉത്രട്ടാതി ജലോത്സവം 18ന്
1452917
Friday, September 13, 2024 3:05 AM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം 18നു പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കും. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങൾ ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. കീക്കൊഴൂർ, പൂവത്തൂർ പടിഞ്ഞാറ്, കടപ്ര കരകളുടെ പുത്തൻ പള്ളിയോടങ്ങളാണ് ഇത്തവണ എത്തുന്നത്.
സത്രക്കടവിൽനിന്ന് മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടത്തും. ബി ബാച്ചിലെ അവസാന മൂന്ന് ഗ്രൂപ്പിലെ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽനിന്ന് സത്രക്കടവിലെത്തി ചവിട്ടിത്തിരിച്ചു സ്റ്റാർട്ടിംഗ് പോയിന്റിലേക്കു പോകുന്നതിനുള്ള ക്രമീകരണവും ഇത്തവണയുണ്ട്.
മത്സര ക്രമീകരണങ്ങളിൽ മാറ്റം
മത്സര വള്ളംകളിയിൽ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. ആറന്മുള വള്ളംകളിയുടെ നിബന്ധനകൾ കർശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്കു രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങൾക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും.
മുന്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമിഫൈനൽ മത്സരങ്ങളും ഉണ്ടാകില്ല. മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ടൈമിംഗ് അടിസ്ഥാനത്തിൽ വള്ളം ഒരേപോലെയാക്കി സെൽഫ് സ്റ്റാർട്ടായിട്ടായിരിക്കും നടത്തുക. ഫോട്ടോ ഫിനിഷിൽ ഓരോ വള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്പ്ലേ ബോർഡിൽ രേഖപ്പെടുത്തും.
കരകളിൽനിന്നുള്ള തുഴച്ചിൽകാർ മാത്രമേ പള്ളിയോടങ്ങളിൽ കയറാവൂവെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതു ലംഘിക്കപ്പെടുന്ന പള്ളിയോടങ്ങളെ അപ്പോൾത്തന്നെ വിലക്കും.
എ, ബി ബാച്ചുകളിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി സമ്മാനിക്കും. ആടയാഭരണങ്ങൾ, അലങ്കാരങ്ങൾ, പാട്ട് തുടങ്ങിയവ വിലയിരുത്തി ആർ. ശങ്കർ സുവർണ ട്രോഫി അടക്കമുള്ളവയും സമ്മാനിക്കും.
നാവികസേനയുടെ അഭ്യാസ പ്രകടനം
ഏറെക്കാലത്തിനുശേഷം ഇക്കുറി നാവികസേനുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്. പ്രാചീന കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയുടെ ദൃശ്യാവിഷ്കാരവും പന്പാനദിയിൽ ഒരുക്കും.
രാവിലെ 9.30ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും. ക്ഷേത്രാചാരങ്ങൾ പൂർത്തിയാക്കിയായിരിക്കും പള്ളിയോടങ്ങൾ ജലഘോഷയാത്രയ്ക്കായി അണിനിരക്കുക.
1.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, മുഹമ്മദ് റിയാസ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, വീണാ ജോർജ്, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പ്രമോദ് നാരായൺ, മാത്യു ടി. തോമസ്,
കെ.യു. ജനീഷ് കുമാർ, എം.എസ്. അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ഒളിന്പ്യൻ ശ്രീജേഷ്, എൻഎസ്എസ് പ്രസിഡന്റ് ഡോ. ശശികുമാർ, സ്വാമി ഗോലോകാനന്ദ മഹാരാജ്, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറാർ രമേശ് കുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, റെയ്സ് കമ്മറ്റി കൺവീനർ ബി. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അയിരൂർ പുതിയകാവ് ചതയം ജലമേള 17ന്
പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17ന് ഉച്ചയ്ക്ക് ഒന്നിന് പന്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും.
ആറന്മുള കരയിലെ 23 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി പ്രഭാകരൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9.30ന് ജലോത്സവ നഗറിൽ പതാക ഉയർത്തും. തുടർന്ന് അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങൾ ഉണ്ടാകും. ഉച്ചകഴിഞ്ഞ് ഒന്നിന് ആന്റോ ആന്റണി എംപി മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ മാനവമൈത്രി സന്ദേശം നൽകും.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവർ സമ്മാനദാനം നിർവഹിക്കും. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഗ്രാന്റ് നൽകും.
പബ്ലിസിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ, പ്രോഗ്രാം ചെയർമാൻ പ്രദീപ് അയിരൂർ, മെംബർ കെ.ടി. സുബിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തിരുവോണത്തോണി നീരണിഞ്ഞു; യാത്ര നാളെ
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂരിൽനിന്നുള്ള തിരുവോണത്തോണി നാളെ വൈകുന്നേരം പുറപ്പെടും. ഉത്രാടം നാൾ സന്ധ്യയ്ക്കു പുറപ്പെടുന്ന തോണി തിരുവോണംനാൾ പുലർച്ചെയാണ് ആറന്മുള ക്ഷേത്രക്കടവിലെത്തുന്നത്.
തോണിയിലേറാനായി മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി ഇന്നലെ കോട്ടയം കുമാരനെല്ലൂരിൽനിന്നു പുറപ്പെട്ടു. അറിയിപ്പ് തോണിയിൽ മീനച്ചിലാറ്റിലൂടെ മണിമലയാർ കടന്നു പന്പാനദിയിലെത്തിയാണ് ഭട്ടതിരി ആറന്മുളയിലും പിന്നീട് കാട്ടൂരിലെത്തുന്നത്. നാളെ ഉച്ചയോടെ ഭട്ടതിരി കാട്ടൂരിലെത്തും.
മങ്ങാട്ട് ഇല്ലത്തെ എ.എൻ. അനൂപ് ഭട്ടതിരിയാണ് ഇക്കുറി ആറന്മുളയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷമാണ് പള്ളിയോടങ്ങളുടെ അകന്പടിയോടെ തിരുവോണത്തോണിയുടെ യാത്ര.
തോണിയിലെത്തിക്കുന്ന ഓണവിഭവങ്ങളാണ് ആറന്മുളയിൽ തിരുവോണനാളിലെ സദ്യക്ക് ഉപയോഗപ്പെടുത്തുക.