റോഡിലെ അപകടകരമായ കുഴിയടച്ച് ട്രാഫിക് പോലീസ്
1452390
Wednesday, September 11, 2024 3:08 AM IST
അടൂർ: റോഡിലെ കുഴി നികത്താൻ ട്രാഫിക് പോലീസ് നേരിട്ടിറങ്ങി. അടൂർ സെൻട്രൽ ജംഗ്ഷൻ - നെല്ലിമൂട്ടിൽപ്പടി പാതയിൽ വേബ്രിഡ്ജിന് സമീപമുള്ള റോഡിലെ കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാൾ കഴിഞ്ഞദിവസം മരിച്ചിരുന്നു.
ഈ കുഴിയിൽ വീണ് ഇനി ഒരാൾക്കും അപകടം ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് ട്രാഫിക് എസ്ഐയും സംഘവും നേരിട്ടിറങ്ങിയത്. കുഴിയടപ്പ് തങ്ങളുടെ ജോലിയല്ലെങ്കിലും ആ ചുമതല ഏറ്റെടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി നികത്താൻ ജലഅഥോറിറ്റിയോ കെആർഎഫ്ബിയോ തയാറായില്ല. പോലീസ് ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല. തുടർന്ന് ട്രാഫിക് എസ്ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുഴി അടയ്ക്കാനായി സിമന്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസ് ജീപ്പിൽ തന്നെ സ്ഥലത്തെത്തിച്ചു.
രണ്ട് തൊഴിലാളികളുടെ സഹായത്തോടെ കുഴിയിൽ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി അപകടങ്ങൾ ഈഭാഗത്ത് സംഭവിച്ചു. ഏറ്റവും ഒടുവിലാണ് ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടത്. രാത്രിയിൽ ഈഭാഗത്ത് വെളിച്ചക്കുറവും ഉള്ളതിനാൽ അപകടം പതിവായി മാറിയിരുന്നു.