വിജയമ്മയുടെ സത്യസന്ധതയ്ക്ക് വെച്ചൂച്ചിറയുടെ ബിഗ് സല്യൂട്ട്
1452386
Wednesday, September 11, 2024 3:08 AM IST
റാന്നി: വഴിയില്‍നിന്നും കളഞ്ഞു കിട്ടിയ തുക തിരികെ നല്കാന് കാട്ടിയ വീട്ടമ്മയുടെ നന്മ മനസിന് കൈയടിക്കുകയാണ് വെച്ചൂച്ചിറക്കാര്‍. വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന അമ്മുവെന്ന വിജയമ്മയാണ് കളഞ്ഞു കിട്ടിയ തുക പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കിയത്.
മണ്ണടിശാല സ്വദേശി അനിൽ കുമാറിന്റെ 50000 രൂപയാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കിൽ വായ്പ അടയ്ക്കാനായി കൊണ്ടുവന്നപ്പോഴാണ് വെച്ചൂച്ചിറയിൽവച്ച് ഇന്നലെ രാവിലെ പത്തോടെ പണം നഷ്ടപ്പെട്ടത്. വിജയമ്മക്ക് ഈ തുക കളഞ്ഞു കിട്ടുകയും അവർ അത് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ടെന്നു കാട്ടി അനില്‍കുമാർ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സ്വന്തമായി വീടില്ലാതെ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും കളഞ്ഞു കിട്ടിയ പൈസ തിരിച്ചു നൽകാന് കാണിച്ച വിജയമ്മയുടെ സത്യസന്ധതയെ പോലീസും നാട്ടുകാരും പ്രശംസിച്ചു. എസ്എച്ച്ഒ ആര്. സുരേഷ്, എസ്ഐ സായിസേനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാറിന് വിജയമ്മ പണം തിരികെ നല്കി.