ജില്ലയിൽ ഹരിതവിദ്യാലയം പദ്ധതി പുരോഗമിക്കുന്നു
1452375
Wednesday, September 11, 2024 2:54 AM IST
പത്തനംതിട്ട: സ്കൂളുകളിലെ മാലിന്യ സംസ്കരണത്തിലും നിർമാർജനത്തിലും ജില്ലയിൽ മികച്ച മുന്നേറ്റം. ഹരിത വിദ്യാലയം പദ്ധതിയിൽ ജില്ലയിലെ 35 സ്കൂളുകൾ പൂർണ തോതിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. മറ്റു സ്കൂളുകളും കോളജുകളും ഹരിതവിദ്യാലയം പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഡിസംബർ 31ന് മുൻപ് ജില്ലയിലെ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയമാക്കാനുള്ള പരിശ്രമത്തിലാണ് ഹരിതകേരളം മിഷൻ.
അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുകയും ജൈവ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. ഹരിതചട്ടം പൂർണമായി പാലിച്ചുകൊണ്ടാണ് സ്കൂളുകളും കോളജുകളും പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കും.
ഹരിത വിദ്യാലയമായി പ്രഖ്യാപിച്ച സ്കൂളുകളിൽ ഉച്ചഭക്ഷണം ഇലയിൽ കൊണ്ടുവരുന്നത് പൂർണമായി നിരോധിച്ചു. പാത്രങ്ങളിൽ ഉച്ചഭക്ഷണം കൊണ്ടുവരണമെന്ന നിർദേശം അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും പാലിക്കുന്നുവെന്ന് പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണം. പേപ്പർ ഗ്ളാസ്, ഡിസ്പോസിബിൾ പാത്രങ്ങളും സ്കൂളുകളിൽ ഉപയോഗിക്കില്ല. സ്കൂൾ പരിസരങ്ങളുടെ ശുചീകരണം ഹരിതചട്ടത്തിൽ നിർബന്ധിതമാക്കി.
അഞ്ച് ഹരിത കോളജുകൾ
കോളജുകളുടെ നാക് അക്രഡിറ്റേഷനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അക്രഡിറ്റേഷന് പോയിന്റുകൾ ലഭിക്കുന്നതിനാൽ കോളജുകൾ ഹരിതചട്ടം പാലിക്കാൻ ശ്രമിക്കുന്നുമുണ്ട്.
ജില്ലയിൽ അഞ്ച് ഹരിത കോളജുകളാണ് നിലവിലുള്ളത്. റാന്നി സെന്റ് തോമസ്, തിരുവല്ല മാക്ഫാസ്റ്റ്, പത്തനംതിട്ട കാതോലിക്കേറ്റ്, തുരുത്തിക്കാട് ബിഎഎം, കോഴഞ്ചേരി സെന്റ് തോമസ് കോളജുകൾക്കാണ് ഹരിത പദവി ലഭിച്ചിട്ടുള്ളത്.