സ്പെഷൽ സ്കൂളുകളോട് അവഗണന: സെക്രട്ടേറിയറ്റ് പടിക്കൽ സമരം 11ന്
1451258
Saturday, September 7, 2024 2:48 AM IST
പത്തനംതിട്ട: നിരന്തരമായ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സ്പെഷൽ സ്കൂൾ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും ചേർന്ന സംയുക്ത സമിതി 11ന് സെക്രട്ടേറിയറ്റിനു മുമ്പിൽ സൂചനാ ഉപവാസ സമരം നടത്തും.
സ്പെഷൽ സ്കൂളുകൾക്കായുള്ള പാക്കേജ് വിതരണ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്താമെന്ന് ഉറപ്പു നൽകിയെങ്കിലും പരിഹാരമായില്ലെന്ന് സമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പല സ്ഥാപനങ്ങളുടെയും പ്രവർത്തനം താളം തെറ്റി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കുടുംബ പെൻഷനുകളുടെ പ്രതിമാസവരുമാനപരിധി 5000 രൂപയാക്കി കുറച്ചതോടെ ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിക്ക് പുറത്തായെന്നും ഇവർ ആരോപിച്ചു.
മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരേ മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും തീരുമാനമുണ്ടായില്ല. ആശ്വാസകിരണം, നിരാമയ പദ്ധതികളും താളംതെറ്റി. ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നില്ല. മാസങ്ങളുടെ കുടിശിക നിലനിൽക്കുന്നു.
സ്പെഷൽ സ്കൂളുകളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സമീപനങ്ങൾ. പല സ്ഥാപനങ്ങളിലും അർഹമായ തസ്തികകൾ, മാർഗരേഖ പ്രകാരമുള്ള തുക എന്നിവ അനുവദിച്ചിട്ടില്ല. അവകാശ നിഷേധങ്ങൾ തുടരുന്പോൾ അതിനെതിരേ പ്രതികരിക്കാൻ പോലും ശേഷിയില്ലാത്തവരാണ് മറുഭാഗത്തുള്ളത്.
പേരന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എച്ച്. നാസർ, എയ്ഡ് സെക്രട്ടറി ലത രാജേഷ്, രക്ഷാകർത്തൃ പ്രതിനിധി പ്രിറ്റി സാം എന്നിവർ പങ്കെടുത്തു.