മിനി സിവിൽ സ്റ്റേഷനിലെ ജലക്ഷാമത്തിനു പരിഹാരം
1424779
Saturday, May 25, 2024 4:22 AM IST
പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ ജലക്ഷാമത്തിന് പരിഹാരമായി. മിനി സിവിൽ സ്റ്റേഷനിലേക്കുള്ള പൈപ്പ് ലൈനിൽ മീറ്റർ ഭാഗത്ത് ചെളിയടിഞ്ഞ് വെള്ളം തടഞ്ഞു നിന്നതാണ് ജലക്ഷാമത്തിന് കാരണമായത്.
ജല അഥോറിറ്റി ജീവനക്കാർ ഇന്നലെ മീറ്റർ പരിശോധിച്ചപ്പോഴാണ് ചെളി അടിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ ഭാഗം വൃത്തിയാക്കിയ ശേഷം വെള്ളം ടാങ്കിലേക്ക് തുറന്നുവിട്ടു. മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറികളിലേക്കുള്ള പൈപ്പു ലൈനിൽ ചോർച്ചയുള്ളതായും സംശയമുണ്ട്.
ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് താലൂക്ക് ഓഫീസ് അധികൃതരാണ്.ഒരു ദിവസം 800 ലിറ്റർ വെള്ളമാണ് ഒരു പൈപ്പ് ലൈനിലൂടെ മിനി സിവിൽ സ്റ്റേഷനിലെ ടാങ്കിലേക്ക് എത്തുന്നത്. രണ്ട് ലൈനുകളാണുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് വെളളം പമ്പ് ചെയ്യുന്നത്. ഇത് വലിയ ടാങ്കിൽ സംഭരിച്ച ശേഷമാണ് ശുചിമുറികളിലേക്ക് എത്തുന്നത്.
പൈപ്പ് ലൈനുകൾ വഴി വെള്ളം ലഭിക്കാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ജീവനക്കാർ ഒരു മണിക്കൂറിലേറെ ജോലി നിർത്തിവച്ച് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
വെള്ളം പതിവുപോലെ പമ്പ് ചെയ്തിട്ടുണ്ടെന്നും പൈപ്പ് ലൈനിലെ തകരാർ കാരണമാണ് ശുചിമുറികളിൽ എത്താതിരുന്നതെന്നു സംശയിച്ചിരുന്നതായി അധികൃതർ പറഞ്ഞു.