ഇടതുപാർട്ടികളെയും ബിജെപിയെയും ഒരേ മാനദണ്ഡത്തിൽ വിലയിരുത്തരുത്: രാമഭദ്രൻ
1415709
Thursday, April 11, 2024 4:09 AM IST
പത്തനംതിട്ട: ഇടത് പാർട്ടികളെയും ബിജെപി ഉൾപ്പെടുന്ന സംഘപരിവാറിനെയും ഒരേ മാനദണ്ഡം ഉപയോഗിച്ചു വിലയിരുത്തുന്ന കോൺഗ്രസ് നിലപാട് രാഷ്ട്രീയ അപരാധമാണെന്ന് കേരള ദളിത് ഫെഡററേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ. കെഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം ബിജെപിക്കെതിരേ നടത്തുന്ന വെല്ലുവിളിയും ചെറുത്തുനിൽപും സർഗാത്മകവും മാതൃകാപരവുമാണ്. എന്നാൽ, ബിജെപി ആകട്ടെ ഹിന്ദുത്വത്തിന്റെ കാരാഗൃഹമാക്കി ഇന്ത്യയെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും രാമഭദ്രൻ പറഞ്ഞു.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നു മലയാള സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ കെഡിഎഫ് സംസ്ഥാന സെക്രട്ടറി ഡോ. വിനീത വിജയന് യോഗത്തിൽ സ്വീകരണം നൽകി.
സംസ്ഥാന പ്രവർത്തകസമിതി അംഗം ഐവർകാല ദിലീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ വെംബ്ലി, ഡോ. വിനീത വിജയൻ, ശൂരനാട് അജി, പാസ്റ്റർ ദാസൻ കെ. പൗലോസ്, ജോർജ് മാത്യു, കെ. രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കെഡിഎഫ് ജില്ലാ ഭാരവാഹികളായി എ.കെ. സുനിൽ-പ്രസിഡന്റ്, എസ്. ജോസ്, ബി. രാജൻ, ജോൺ മാത്യു-വൈസ് പ്രസിഡന്റുമാർ, ജോബിൻ തമ്പി-സെക്രട്ടറി, സിജോ ശിംശോൺ, ഒ.എൻ. മോഹനൻ-ജോയിന്റ് സെക്രട്ടറിമാർ, വൈ. ജോസ്-ട്രഷറർ എന്നിവരടങ്ങുന്ന 21 അംഗ പ്രവർത്തകസമിതിയെയും യോഗം തെരഞ്ഞെടുത്തു.