ഇടയശുശ്രൂഷയിൽ വിശ്വസ്തതയും ആത്മാർഥതയും മുഖ്യഘടകം: കാതോലിക്കാ ബാവ
1375292
Saturday, December 2, 2023 11:22 PM IST
തിരുവല്ല: ഇടയശുശ്രൂഷയിൽ വിശ്വസ്തതയും ആത്മാർഥതയും കഠിനാധ്വാനവും ആവശ്യമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
മാർത്തോമ്മാ സഭയിൽ നവാഭിഷിക്ത എപ്പിസ്കോപ്പാമാരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഈവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകായിരുന്നു കാതോലിക്കാ ബാവ.
സഹജീവികള കരുതുകയും സ്നേഹിക്കുകയും വേണം. ദരിദ്രരുടെ പക്ഷം ചേരണം. ആർജിക്കുന്നവരുടെ ലോകത്ത് ത്യജിക്കുന്നവരായി മാറണം. താഴ്മയും വിനയവുമുളളവരായി സമൂഹത്തെ ശുശ്രൂഷിക്കുന്നവരായി മാറണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യസന്ദേശം നൽകി.
ആർച്ച്ബിഷപ് ജോറിസ് ഫെർക്കാമൻ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാത്യു ടി. തോമസ് എംഎൽഎ, പത്മശ്രീ ശോശാമ്മ ഐപ്പ്, മാർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ എന്നിവർ പ്രസംഗിച്ചു.
ദേശീയ, അന്തർദേശീയ മത-സാമൂഹിക നേതാക്കളുടെ സന്ദേശങ്ങൾ ഡോ. ഐസക് മാർ പീലക്സിനോസ് സമ്മേളനത്തിൽ വായിച്ചു. സീനിയർ വികാരി ജനറാൾ വെരി. റവ. ജോർജ് മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അല്മായ ട്രസ്റ്റി അൻസിൽ സഖറിയ എന്നിവർ നവാഭിഷിക്തരായ എപ്പിസ്കോപ്പാമാർക്കുള്ള മംഗളപത്രം അവതരിപ്പിക്കുകയും നൽകുകയും ചെയ്തു. പുതിയ ബിഷപ്പുമാർ മറുപടി പ്രസംഗം നടത്തി.
ഡോ. ഏബ്രഹാം മാർ പൗലോസ് പ്രാരംഭ പ്രാർഥനയും, ഡോ. തോമസ് മാർ തീത്തോസ് സമാപന പ്രാർഥനയും നടത്തി. ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസ് ആശംസാഗാനം ആലപിച്ചു.