നടുവത്തുമൂഴി വനമേഖലയിൽനിന്ന് നായാട്ടുസംഘത്തെ പിടികൂടി
1339295
Friday, September 29, 2023 11:54 PM IST
പത്തനംതിട്ട: കോന്നി നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ നായാട്ടു സംഘം വനപാലകരുടെ പരിശോധനയിൽ കുടുങ്ങി. നടുവത്തുമൂഴി വനമേഖലയിലെ അഴക്പാറ ഭാഗത്തുനിന്നാണ് ആദിവാസികൾ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിലായത്.
തേക്കുതോട് സ്വദേശി തോപ്പിൽ വീട്ടിൽ പ്രവീൺ പ്രമോദ് (29), ഏഴാം തല സ്വദേശി മനു, പ്രായപൂർത്തിയാകാത്ത ആദിവാസി വിഭാഗത്തിൽപെട്ടയാൾ എന്നിവരെയാണ് വനപാലകർ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ടതായി പറയുന്ന മൂർത്തിമൺ സ്വദേശി സുരാജ്, കോന്നി ചേരിമുക്ക് സ്വദേശി മിഖായേൽ (പൊന്നച്ചൻ) എന്നിവർ രക്ഷപ്പെട്ടു.
പിടികൂടിയ സംഘത്തിൽനിന്നു തിര നിറച്ച നാടൻ തോക്ക്, കൂരമാനിന്റെ ഇറച്ചി, പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ, കത്തി, ഹെഡ് ലൈറ്റ് തുടങ്ങിയവ വനപാലകർ കണ്ടെടുത്തു. നടുവത്തുമൂഴി വനമേഖലയിലെ അഴകുപാറ ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തിയുടെ നിർദേശപ്രകാരം ഫോറസ്റ്റർ എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിലുള്ള സംഘം വനത്തിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നതിനിടെയാണ് വേട്ടസംഘം വനപാലകരുടെ പിടിയിലായത്.
കൂട്ടത്തിൽ ഉണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടയാളുകളെ ഉപയോഗിച്ച് വനത്തിൽ വേട്ട നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്നു പറയുന്നു. കഴിഞ്ഞ 26 മുതൽ വനപാലകർ കാട്ടിൽ ക്യാന്പ് ചെയ്തിരുന്നു.
കോട്ടാംപാറയിൽനിന്നു നടന്നു തുടങ്ങിയ സംഘം രാത്രി വല്ലങ്കയത്ത് ക്യാമ്പ് ചെയ്യുകയും അടുത്ത ദിവസം രാവിലെ മൂന്നുമുക്ക് ഭാഗത്ത് എത്തിയപ്പോൾ വനത്തിനുള്ളിൽനിന്നു വെടിയൊച്ച കേട്ടു.
തുടർന്നു നടത്തിയ തെരച്ചിലിൽ ചോരപ്പാടുകൾ കണ്ടെത്തുകയും വനത്തിൽ അഴക്പാറ ഭാഗത്ത് താത്കാലിക ഷെഡിൽനിന്നു നായാട്ട് സംഘത്തിലെ മൂന്നുപേരെ കണ്ടെത്തുകയുമായിരുന്നു. വനപാലകരെ കണ്ടതിനെത്തുടർന്ന് സംഘത്തിൽ ഉണ്ടായിരുന്ന സുരാജ്, മിഖായേൽ എന്നിവർ കല്ലാർ നീന്തി കടന്ന് രക്ഷപ്പെടുകയും ചെയ്തു.
ഇവർക്കായി അന്വേഷണം ആരംഭിച്ചു. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് സ്റ്റേഷനിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി രണ്ടു പേരെ റിമാൻഡ് ചെയ്തു.
പിടിച്ചെടുത്ത തോക്ക് തുടർനടപടികൾക്കായി തണ്ണിത്തോട് പോലീസിന് കൈമാറി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ യു. രാജേഷ് കുമാർ, വനം വകുപ്പ് വാച്ചർ ബിനോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.