ഭദ്രാസന യുവജനസംഗമം നാളെ സീതത്തോട്ടിൽ
1339285
Friday, September 29, 2023 11:42 PM IST
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനത്തിന്റെ യുവജന സംഗമം എപിക്-2023 നാളെ രാവിലെ എട്ടു മുതൽ സീതത്തോട് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടക്കും.
എംസിവൈഎം പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുന്നാളിനോടനുബന്ധിച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്തിൽ ഭദ്രാസനതല യുവജനസംഗമം നടത്തുന്നത്.
യുവജനസംഗമത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന, ക്ലാസ്, പൊതുസമ്മേളനം, ആദരവ്, യുവജന റാലി എന്നിവ ക്രമീകരിക്കും. എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് അജോഷ് എം. തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട ഭദ്രാസനം മുഖ്യ വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽ തെക്കേതിൽ യുവജനസംഗമം വേദിയിൽ മുഖ്യസന്ദേശം നൽകും. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പത്തനംതിട്ട ഭദ്രാസനത്തിലെ 100 ഇടവകളിൽ നിന്നുള്ള യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കും.