മൈലപ്ര ബാങ്ക് ക്രമക്കേട്: സെക്രട്ടറിയുമായി ബാങ്കിൽ തെളിവെടുപ്പ്
1338481
Tuesday, September 26, 2023 10:41 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിൽ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലായ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവുമായി പോലീസ് സംഘം ബാങ്കിലെത്തി തെളിവെടുത്തു.
നിക്ഷേപം തിരികെ ലഭിച്ചില്ലെന്ന പേരിൽ പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദ് നൽകിയ പരാതിയിൽ തിങ്കളാഴ്ചയാണ് ജോഷ്വാ മാത്യുവിനെ പത്തനംതിട്ട പോലീസ് രണ്ടുദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയത്. 86 ലക്ഷം രൂപയാണ് രാജേന്ദ്രപ്രസാദിനു തിരികെ ലഭിക്കാനുള്ളത്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം മുൻ സെക്രട്ടറിയെ തിരികെ കോടതിയിൽ ഹാജരാക്കി. വീണ്ടും റിമാൻഡ് ചെയ്തിട്ടുള്ളതിനാൽ ജയിലിലേക്ക് തിരികെ അയച്ചു.
പരാതിയിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള നിക്ഷേപത്തിന്റെ രേഖകൾ പരിശോധിക്കുകയും മുൻ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തുകയുമാണ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബിനാമി വായ്പ തിരിച്ചടയ്ക്കാൻ ശ്രമം
മൈലപ്ര ബാങ്കുമായി ബന്ധപ്പെട്ട് 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വായ്പക്കാർ പലരും തിരിച്ചടവിനായി ബാങ്കിനെ സമീപിച്ചു തുടങ്ങി.
ബിനാമി വായ്പാകേസ് ഇഡി (എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്) അന്വേഷിച്ചേക്കുമെന്ന സൂചനയേ തുടർന്നാണ് പലരും തിരിച്ചടവിനുള്ള മാർഗങ്ങൾ തേടുന്നത്.
എന്നാൽ ബിനാമി വായ്പകൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിയേണ്ടതുള്ളതിനാൽ നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
വായ്പക്കാരും പ്രതികൾ
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തേതുടര്ന്ന് കണ്ടെത്തിയ ക്രമക്കേടു സംബന്ധിച്ച് പത്തനംതിട്ട പോലീസ് എഫ്ഐആറിട്ട കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
ബാങ്കുമായി ബന്ധപ്പെട്ട മൈഫുഡ് റോളര്‍ കമ്പനിയിലേക്കു ഗോതമ്പ് വാങ്ങിയതിലെ 3.94 കോടി രൂപയുടെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ കേസും ഏറ്റെടുത്തത്.
ബിനാമി വായ്പാ കേസില്‍ നിലവില്‍ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും പ്രതികളാണ്. ബാങ്ക് ഭരണസമിതിയംഗങ്ങൾ, ജീവനക്കാര്‍ എന്നിവര്‍കൂടി ഈ കേസില്‍ പ്രതികളാകാനിടയുണ്ട്.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായചുരുങ്ങിയത് 10 പേര് വീതമുണ്ട്. വായ്പ എടുത്തിട്ടുള്ളവരെല്ലാം കേസില്‍ പ്രതികളായേക്കും.
നിക്ഷേപകരുടെ യോഗം
മൈലപ്ര സഹകരണബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകർക്കു പണം തിരികെ നൽകാനുള്ള നടപടികളുടെ ഭാഗമായി സഹകരണ വകുപ്പ് അടുത്തമാസം യോഗം വിളിക്കും.
കുടിശികക്കാർ, ജപ്തി നടപടികൾ നേരിടുന്നവർ എന്നിവർക്കു പണം തിരികെ അടയ്ക്കാൻ 30 വരെ സമയം നൽകിയിട്ടുണ്ട്.
ഒരു കോടി രൂപയെങ്കിലും അടിയന്തരമായി പിരിഞ്ഞുകിട്ടേണ്ടതുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് 300 അപേക്ഷകൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്പാകെയുണ്ട്.
ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്ത്: ചെറുകോൽ ബാങ്കിലും നിക്ഷേപത്തുക തിരികെ കിട്ടുന്നില്ല
കോഴഞ്ചേരി: ചെറുകോൽ 488ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ രണ്ട് വർഷമായി നിക്ഷപകർക്ക് പണം തിരികെ ലഭിക്കുന്നില്ല. ബാങ്ക് പ്രതിസന്ധി സംബന്ധിച്ച് റാന്നി അസിസ്റ്റന്റ് രജിസ്ട്രാർ പത്തനംതിട്ട ജോയിന്റ്് രജിസ്ട്രാർക്ക് കഴിഞ്ഞ ഫെബ്രുവരി 19ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും തുടർ നടപടി ഉണ്ടായിട്ടില്ല.
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയും ജീവനക്കാരും അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാനദണ്ഡം പാലിക്കാതെ വായ്പ നൽകിയിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വായ്പ ലഭിച്ചവർ തിരികെ അടയ്ക്കാത്തുകാരണം 75 ശതമാനം വായ്പയും കിട്ടാക്കടമായി മാറി.
അപേക്ഷകന്റെ തിരിച്ചടവ് ശേഷി പരിശോധിക്കാതെ വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടി വായ്പ അനുവദിച്ചതായും രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
60 വയസിൽ താഴെയുള്ളവർക്കും മുതിർന്ന പൗരൻമാർക്കുള്ള പലിശ നൽകിയെന്ന് രേഖയുണ്ടാക്കി. സർക്കാർ സഹായം സംബന്ധിച്ച രേഖകളില്ല. വളം ഡിപ്പോയിലെ വ്യാപാരത്തിന്റെ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. ജീവനക്കാർക്ക് ശമ്പളം നൽകാൻ വരുമാന മാർഗങ്ങൾ കണ്ടെത്തിയില്ല തുടങ്ങിയ കണ്ടെത്തലുകളും അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്.
2015-16ൽ ഒരു ലക്ഷം രൂപ വായ്പയെടുത്തയാൾ ഒരു രൂപ പോലും തിരിച്ചടച്ചില്ല. 2021 മാർച്ച് 21ന് മാനദണ്ഡം പാലിക്കാതെ വായ്പ പുതുക്കി നൽകി. ഭരണസമിതിയിലെ ഒരംഗത്തിന്റെ ബന്ധു 2018ൽ മൂന്നു ലക്ഷം രൂപ വായ്പയെടുത്തിട്ട് തിരിച്ചടച്ചിട്ടില്ല.
വൗച്ചറിൽ തിയതി, നമ്പർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പ് തുടങ്ങിയവ ഇല്ലാതെയാണ് വായ്പ അനുവദിച്ചത്. ബാങ്കിൽനിന്ന് 2019 ജൂലൈ 31ന് വിരമിച്ചയാൾ ബന്ധുക്കളുടെ പേരിലെടുത്ത ആറര ലക്ഷത്തോളം രൂപയുടെ വായ്പ ഇതേവരെ തിരിച്ചടച്ചിട്ടില്ല. മുൻ ഭരണസമിതിയംഗങ്ങളും ബാങ്കിൽ തുക അടയ്ക്കാനുള്ളതായി കണ്ടെത്തലുകളുണ്ട്.